മൃതദേഹം മോര്‍ച്ചറിയില്‍ എത്തിക്കാനും നോക്കുകൂലി
തലശ്ശേരി: മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയതിനു നോക്കുകൂലി വാങ്ങിയതായി പരാതി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മരിച്ച വീട്ടമ്മയുടെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ വാര്‍ഡില്‍നിന്നു 100 മീറ്റര്‍ പോലും അകലെയല്ലാത്ത മോര്‍ച്ചറിയിലേക്കു മാറ്റിയതിനാണ് ഇവിടത്തെ ജീവനക്കാരന് 300 രൂപ നോക്കുകൂലിയായി വാങ്ങിയത്.
കതിരൂര്‍ തരുവണത്തെരുവിലെ പുത്തന്‍പറമ്പത്ത് മൈഥിലിയുടെ(62) ബന്ധുക്കളോടാണ് യൂനിഫോമിടാത്ത ജീവനക്കാരന് നോക്കുകൂലി വാങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഞായറാഴ്ച സ്ത്രീകളുടെ മെഡിക്കല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച മൈഥിലി അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു തിങ്കളാഴ്ചയാണ് മരിച്ചത്. വാര്‍ഡില്‍ നിന്നു രണ്ടു ജീവനക്കാര്‍ മൃതദേഹം മാര്ച്ചറിയില് എത്തിക്കുകയായിരുന്നു.
ഇവരുടെ കൂടെ യൂനിഫോമില്ലാത്ത ഒരാളെത്തി മോര്‍ച്ചറി തുറന്ന് മൃതദേഹം ഫ്രീസറില്‍ വച്ചു. ഇയാള്‍ ആദ്യം 200 രൂപയും പിന്നീടു 100 രൂപയും കൂടി വാങ്ങുകയായിരുന്നു.
മൃതദേഹം മോര്‍ച്ചറിയില്‍ എത്തിച്ചവര്‍ക്കു നല്‍കാനാണെന്നാണ് ഇയാള്‍ മൈഥിലിയുടെ ബന്ധുക്കളോടു പറഞ്ഞത്. സംഭവം സംബന്ധിച്ച് മൈഥിലിയുടെ ബന്ധുക്കള്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."