മുഖ്യമന്ത്രിയുടെ പേരില്‍ സാമ്പത്തിക തൊഴില്‍ തട്ടിപ്പ്; കൂടുതല്‍ പരാതിയില്‍ പരിശോധന നടത്തും
കോഴിക്കോട്: മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേരില്‍ തൊഴില്‍ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പി.സതീശനെ റിമാന്‍ഡ് ചെയ്തു.സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരനാണ് കണ്ണൂര്‍ എടക്കാട് പാലിശേരി വീട്ടില്‍ സതീശന്‍(61).
നാലുപേരില്‍ നിന്നായി രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് ഇയാളെ റിമാന്‍ഡ് ചെയ്തത്.
സംസ്ഥാനത്തുടനീളം സതീശന്‍ തൊഴില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. തട്ടിപ്പ് പുറത്തുവന്നതോടെ നിരവധിപേര്‍ പരാതിയുമായി പൊലിസിനെ രഹസ്യമായി സമീപിച്ചിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ ഇത്തരം പരാതിയില്‍ പൊലിസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
അതേസമയം സതീശന്‍ ഇടപാടുകള്‍ നടത്തിയത് സി.പി.എം നേതൃത്വത്തിലെ ചിലരുടെ അറിവോടെയാണെന്ന ആക്ഷേപം പാര്‍ട്ടി തലത്തില്‍ തന്നെ ഉയര്‍ന്നിരിക്കയാണ്.
ഫറോക്ക് സ്വദേശികളായ പ്രതിഭ, മാധുരി, ഒളവണ്ണ സ്വദേശി അക്ഷയ്, മാത്തോട്ടം സ്വദേശി സുജിത്ത് എന്നിവരുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം കസബ പൊലിസ് സതീശനെ അറസ്റ്റ് ചെയ്തത്.
താന്‍ മുഖ്യമന്ത്രിയുടെ പെഴ്‌സണല്‍ സ്റ്റാഫില്‍ ഉള്ള ആളാണെന്ന് ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. സി.പി.എം നേതാവായ ശശിയുടെ സഹോദരന്‍, പാര്‍ട്ടിയുമായി അടുത്ത ബന്ധം, പിണറായി സ്വദേശി എന്നീ വിവരങ്ങളും തട്ടിപ്പിനിരയായവരെ വിശ്വസിപ്പിച്ചു.
കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ ജോലി വാഗ്ദാനത്തിനിടെ ചില നേതാക്കളുമായ് സതീശന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടവര്‍ ഇയാളെ വിശ്വസിച്ചതും പണം നല്‍കിയതും.
പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞായിരുന്നു പണം കൈപ്പറ്റിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."