ആറളത്ത് പുതുതായി മൂന്നിനം പക്ഷികളെ കണ്ടെത്തി
ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തില്‍ പുതുതായി മൂന്നിനം പക്ഷികളെക്കൂടി കണ്ടെത്തി. വനം വന്യജീവി വകുപ്പിന്റെയും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ വന്യ ജീവി സങ്കേതത്തില്‍ നടത്തിയപക്ഷി സര്‍വേയിലാണ് പുതിയ പക്ഷികളെ കണ്ടെത്തിയത്. ചാരക്കണ്ടന്‍ ബണ്ടിങ്, പോതപ്പൊട്ടന്‍, മഴക്കൊച്ച എന്നിവയെയാണ് പുതുതായി കണ്ടെത്തിയത്. ഇതോടെ വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയ പക്ഷികളുടെ എണ്ണം 244 ആയി.
വന്യജീവി സങ്കേതത്തില്‍ മുന്‍പ് കണ്ടിട്ടില്ലാത്ത മൂന്ന് വ്യത്യസ്ത ഇനങ്ങള്‍ ഉള്‍പ്പെടെ 150 പക്ഷി ജാതികളെ മൂന്ന് ദിവസമായി നടന്ന സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. വന്യ ജീവി സങ്കേതത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ താമസിച്ചാണ് പക്ഷികളുടെ കണക്കെടുപ്പ് നടത്തിയത്. ഇന്ത്യയില്‍ തന്നെ ആറളത്ത് മാത്രമാണ് തുടര്‍ച്ചയായി പക്ഷി സമ്പത്തിനെപ്പറ്റി ഇത്തരം ശാസ്ത്രീയ നിരീക്ഷണം നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആറളം വന്യ ജീവി സങ്കേതത്തിലെ അനുരാജ്, ബിജു തേന്‍ കുടി, രവി പാറയ്ക്കല്‍ എന്നിവരാണ് പക്ഷികളെ കാമറയില്‍ പകര്‍ത്തിയത്. പക്ഷി നിരീക്ഷകരായ സത്യന്‍ മേപ്പയൂര്‍, മനോജ് ഇരിട്ടി, രവി പാറയ്ക്കല്‍, റോഷ്‌നാഥ്, സുശാന്ത് മടപ്പുരയ്ക്കല്‍ തുടങ്ങി എഴുപതോളം പേര്‍ സര്‍വേയില്‍ പങ്കെടുത്തു. ആറളം വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. സജികുമാര്‍ ഉദ്ഘാടനം ചെയ്തു. അസി. വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ വി. മധുസൂദനന്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എച്ച്. ഷാജഹാന്‍ സംസാരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച സര്‍വേ ഇന്നലെയാണ് സമാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."