നീറ്റ ജലാറ്റിന്‍: മലിനീകരണ പ്രശ്‌നം പരിഹരിക്കാന്‍ നടപടി
തൃശൂര്‍: നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ നിന്നു ചാലക്കുടി പുഴയിലേക്കു കാത്സ്യം ക്ലോറൈഡ് കലര്‍ന്ന മലിനജലം ഒഴുക്കുന്നതു മൂലമുളള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം തീരുമാനിച്ചു.
പുഴ മലിനമാക്കുന്നതു സമീപ പ്രദേശത്തെ ജനങ്ങളുടെ കുടിവെളളത്തെയും ബാധിക്കുന്നുണ്ട്. കുടിവെളളത്തിനുളള സമീപവാസികളുടെ പ്രധാന സ്രോതസ് പുഴയാണ്. വേനലില്‍ പുഴയിലെ ഒഴുക്കു കുറയുമ്പോള്‍ പ്രശ്‌നം രൂക്ഷമാകാറുണ്ട്. ലോകത്തെവിടെയും സമാനമായ ഫാക്ടറികള്‍ ഉപ്പുകലര്‍ന്ന വെളളം കടലിലേക്കു ഒഴുക്കുകയാണു ചെയ്യുന്നത്. അതിനാല്‍ പുഴയുടെ തീരുത്തു കൂടി പൈപ്പ് ലൈന്‍ സ്ഥാപിച്ചു കായലിലേക്കു നിര്‍ഗമജലം ഒഴുക്കാന്‍ സംവിധാനമുണ്ടാക്കണമെന്നു യോഗം തീരുമാനിച്ചു.
വ്യവസായ മന്ത്രി എ.സി മൊയ്തീനും യോഗത്തില്‍ പങ്കെടുത്തു. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുളള പഠനം നടത്താന്‍ കെ.എസ്.ഐ.ഡി.സിയെയും നിറ്റ ജലാറ്റിന്‍ കമ്പനിയെയും യോഗം ചുമതലപ്പെടുത്തി. പഠനം പെട്ടെന്നു പൂര്‍ത്തിയാക്കണം. വേനല്‍ക്കാലത്തു പുഴയിലെ വെളളത്തിനു നിറവ്യത്യാസം കാണുന്നുണ്ട്. പ്രത്യേക ഇനം പായലുകളും വേനലില്‍ ദൃശ്യമാണു വിഷാശം കലര്‍ന്നതുകൊണ്ടാണോ നിറവ്യത്യാസവും പായലിന്റെ സാന്നിധ്യവുമെന്നു മനസിലാക്കാന്‍ പഠനം നടത്തുന്നതിനു കേരള വാട്ടര്‍ അതോറിറ്റിയെ യോഗം ചുമതലപ്പെടുത്തി.
ജനപ്രതിനിധികളുടെ സഹകരണത്തോടെയും അവരെ വിശ്വാസത്തിലെടുത്തു കൊണ്ടും വേണം പഠനം നടത്താന്‍. കമ്പനിയില്‍ നിന്നല്ലാതെ സമീപത്തെ താമസകേന്ദ്രങ്ങളില്‍ നിന്നും പുഴയിലേക്കു മാലിന്യം ഒഴുക്കുന്നുണ്ട്. ഇതു കണക്കിലെടുത്തു പുഴ മലിനമാകാതിരിക്കാനുളള നടപടികളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തി.
യോഗത്തില്‍ റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, വ്യവസായ സെക്രട്ടറി ഇളങ്കോവന്‍, കെ.എസ്.ഐ.ഡി.സി മാനേജിങ്ങ് ഡയറക്ടര്‍ ഡോ. ബീന, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവന്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍ എന്നിവരും നീറ്റ ജലാറ്റിന്‍ സി.എം.ഡി സജീവ് മേനോനും പങ്കെടുത്തു.
മലിനീകരണം ഒഴിവാക്കുന്നതിനു ശാസത്രീയമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നു കമ്പനി ഉറപ്പു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."