വരാപ്പുഴ കസ്റ്റഡി മരണം: പൊലിസുകാരെ പുറത്താക്കണമെന്ന് ഹസന്
തിരുവനന്തപുരം: വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ഥ പ്രതികള്‍ കീഴടങ്ങിയ സാഹചര്യത്തില്‍ നിരപരാധിയായ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതികളായ മുഴുവന്‍ പൊലിസുകാരെയും നിര്‍ദേശം നല്കിയ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെയും സര്‍വിസില്‍നിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. പൊലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീജിത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തത് സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് വ്യക്തമായിട്ടും അതേക്കുറിച്ച് അന്വേഷിക്കാത്തതും ആരോപണ വിധേയനായ റൂറല്‍ എസ്.പിയെ കേസില്‍ ഉള്‍പ്പെടുത്താത്തതും മുഖ്യമന്ത്രിയുടെ സ്വാധീനത്തിനു വഴങ്ങിയാണ്. കസ്റ്റഡി മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞു മാറാനാകില്ല.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന് നിരപരാധിയായ ശ്രീജിത്തിനെ കുറിച്ച് വ്യാജമൊഴി നല്കിയതും റൂറല്‍ എസ്.പി പാര്‍ട്ടി നേതാക്കളെ ഫോണില്‍ വിളിച്ച് ശ്രീജിത്തിനെ വേണ്ടവിധം കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അറിയിച്ചതും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിരപരാധിയായ യുവാവിനെ പൊലിസ് ചവിട്ടിക്കൊന്നിട്ട് അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരില്‍ കര്‍ശനമായ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തിയ മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. കേസ് എത്രയും വേഗം സി.ബി.ഐക്കു കൈമാറണമെന്നും ഹസന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."