വടകര താലൂക്കില്‍ കുടിവെള്ള വിതരണം അവതാളത്തില്‍
വടകര: ശുദ്ധജല പദ്ധതികളിലെ തകരാര്‍ വടകര താലൂക്കില്‍ മിക്കയിടത്തും കുടിവെള്ള വിതരണം അവതാളത്തിലാക്കി. അധികൃതരുടെ അലംഭാവം ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. താലൂക്കില്‍ തുടര്‍ച്ചയായി വെള്ളം ലഭ്യമാക്കുന്നതിനു വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് കഴിയുന്നില്ല.
കനത്ത വേനലില്‍ കിണറുകള്‍ വറ്റിയതിനെ തുടര്‍ന്നു കുടിവെള്ള ക്ഷാമം നേരിടുമ്പോഴുള്ള അധികൃതരുടെ അനാസ്ഥ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവര്‍ പണം കൊടുത്ത് വാഹനങ്ങളില്‍ വെള്ളം കൊണ്ടുവരേണ്ട അവസ്ഥയാണിപ്പോള്‍.
വടകര നഗരത്തില്‍ ദിവസങ്ങളായി തുടര്‍ച്ചയായി വെള്ളമെത്തുന്നില്ല. ഗുളികപ്പുഴ ഓഗ്‌മെന്റേഷന്‍ പദ്ധതിയിലൂടെയും വിഷ്ണുമംഗലം പദ്ധതിയിലൂടെയുമാണ് നഗരത്തില്‍ വെള്ളം വിതരണം ചെയ്യുന്നത്. എന്നാല്‍ ഈ രണ്ടു പദ്ധതികളും താളം തെറ്റിയിരിക്കുകയാണ്.
പൈപ്പ് പൊട്ടലും മോട്ടോര്‍ തകരാറും ഉപ്പുവെള്ളം കയറുന്നതുമാണ് ഓഗ്‌മെന്റേഷന്‍ പദ്ധതിയെ അവതാളത്തിലാക്കുന്നത്. കോടികള്‍ മുടക്കിയാണ് ഗുളികപ്പുഴ പദ്ധതിയിലെ പ്രധാന പൈപ്പുകള്‍ മാറ്റിയതെങ്കില്‍ വിതരണ ലൈനിലെ തകരാറാണിപ്പോള്‍ വില്ലനായിരിക്കുന്നത്. പൈപ്പ് പൊട്ടിയാല്‍ യഥാസമയം തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. ഇക്കാരണത്താല്‍ വെള്ളം കിട്ടാതെ ജനം നെട്ടോട്ടമോടുകയാണ്.
ഇതോടൊപ്പം തന്നെയാണ് ഉപ്പുവെള്ള പ്രശ്‌നവും പ്രദേശത്തെ വലച്ചിരിക്കുകയാണ്.
വേനല്‍ക്കാലത്തു വേലിയേറ്റ സമയത്ത് കുറ്റ്യാടി പുഴയിലൂടെ ഉപ്പുവെള്ളം പമ്പിങ് സ്‌റ്റേഷനായ വേളം കൂരങ്കോട്ട് കടവുവരെ എത്തുന്നു. ഇവിടെ നിന്നുള്ള ഉപ്പുവെള്ളമാണ് ആഴ്ചകളായി നഗരത്തില്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ കാഠിന്യം കുറക്കാന്‍ പെരുവണ്ണാമൂഴി അണക്കെട്ട് തുറന്നുവിട്ടെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഉപ്പുവെള്ളം പുഴയില്‍ കയറുന്നത് തടയാന്‍ നടപടി വേണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യവും അധികൃതര്‍ അവഗണിച്ചിരിക്കുകയാണ്. പെരിഞ്ചേരി കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് തടയണ നിര്‍മിക്കുകയാണ് ഇതിനു പരിഹാരം. 58 കോടി രൂപയാണ് മതിപ്പു ചെലവ്. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഇതിനു തുക വകയിരുത്തിയതിലൂടെ ഇക്കാര്യത്തില്‍ ആദ്യ ചുവടുവയ്പ്പായി. തടയണ യാഥാര്‍ഥ്യമാവാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നതിനാല്‍ അതുവരെ വേനല്‍ക്കാലത്ത് ഉപ്പുവെള്ളം തന്നെ ഇവിടത്തുകാര്‍ക്ക് ആശ്രയം.
നഗരത്തിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തുള്ളവരും സമീപ പഞ്ചായത്തും ആശ്രയിക്കുന്നത് വിഷ്ണുമംഗലം പദ്ധതിയെയാണ്. മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ പദ്ധതിയിലൂടെ മാത്രമായിരുന്നു വടകരയില്‍ നേരത്തെ വെള്ളം നല്‍കിയിരുന്നത്. ഗുളികപ്പുഴ പദ്ധതി വന്നതോടെ വിഷ്ണുമംഗലം പദ്ധതി നഗരത്തിന്റെ ചെറിയഭാഗത്തായി ഒതുങ്ങുകയായിരുന്നു. ഇതോടൊപ്പം ഒഞ്ചിയം, ഏറാമല, അഴിയൂര്‍, എടച്ചേരി, പുറമേരി പഞ്ചായത്തുകള്‍ക്കു കൂടി വിഷ്ണുമംഗലം പദ്ധതിയില്‍ നിന്നു വെള്ളം നല്‍കിത്തുടങ്ങി.
എന്നാല്‍ രണ്ടു മാസമായി മോട്ടോര്‍ തകരാര്‍ മൂലം ഈ പദ്ധതിവഴിയുള്ള ജലവിതരണവും കൃത്യമായി നടക്കുന്നില്ല. രണ്ടു മോട്ടോറുകളുള്ളതില്‍ രണ്ടും തകരാറിലായിരിക്കുകയാണ്. പ്രവര്‍ത്തനക്ഷമമായ മോട്ടോര്‍ തകരാറിലാകുമ്പോള്‍ ഒരാഴ്ചയോളം ജലവിതരണം മുടങ്ങുകയാണ്. മോട്ടോര്‍ തകരാറു പരിഹരിക്കാന്‍ കമ്പനി അധികാരികള്‍ എത്താന്‍ തന്നെ ദിവസങ്ങള്‍ വേണം.
അടിക്കടി ഒരേ സ്വഭാവത്തില്‍ തകരാര്‍ സംഭവിക്കുമ്പോഴും ശാശ്വത പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. പതിനായിരക്കണക്കിനാളുകളാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്.
നാദാപുരം, തൂണേരി, കുറ്റ്യാടി, കുന്നുമ്മല്‍ പഞ്ചായത്തുകളില്‍ വെള്ളം ലഭ്യമാക്കുന്ന കുറ്റ്യാടി പദ്ധതിയെക്കുറിച്ചും വ്യാപക പരാതിയാണുള്ളത്. കുറ്റ്യാടി ടൗണിനു സമീപത്തെ പുഴയില്‍ നിന്നാണ് ഈ പദ്ധതിയില്‍ വെള്ളം വിതരണം ചെയ്യുന്നത്. പൈപ്പ് പൊട്ടലും മോട്ടോര്‍ തകരാറും ഇവിടെയും പതിവായിരിക്കുകയാണ്.
ഇക്കാര്യത്തില്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയും ജനപ്രതിനിധികളുടെ അലംഭാവവും കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയാണ്. പരാതികള്‍ യഥാസമയം ശ്രദ്ധയില്‍പ്പെടുത്തിയാലും പരിഹാരം കാണുന്നതില്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നു. ഇടപെടല്‍ നടത്തേണ്ട ജനപ്രതിനിധികളാവട്ടെ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."