ആരോഗ്യ മേഖലയില്‍ ചെലവഴിക്കുന്നത് കോടികള്‍ ജില്ലാ ഹോമിയോ ആശുപത്രിക്ക് അവഗണന മാത്രം
പനമരം: ആരോഗ്യ മേഖലയില്‍ കോടികള്‍ ചെലവഴിച്ച് വിവിധ പദ്ധതികള്‍ നടപ്പാക്കുമ്പോഴും അസൗകര്യങ്ങള്‍ക്ക് നടുവില്‍ പൊറുതിമുട്ടി അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രി.
ആവശ്യത്തിന് കുടിവെള്ളം പോലുമില്ലാതെയാണ് ജില്ലാ ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനം. വര്‍ഷങ്ങളായുള്ള കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. വെള്ളമില്ലാത്തതിനാല്‍ കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ രോഗികള്‍ക്ക് കിടത്തി ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.
ആറ് മാസം മുമ്പ് ജില്ലാ പഞ്ചായത്ത് കുഴല്‍ കിണര്‍ നിര്‍മിച്ചെങ്കിലും മോട്ടോര്‍ സ്ഥാപിക്കാത്തതിനാല്‍ രോഗികള്‍ കുളിക്കാനും തുണി അലക്കാനും മറ്റും കഷ്ടപ്പെടുകയാണ്. ബെഡ്ഡുകള്‍ നശിച്ച് ഉപയോഗശൂന്യമായ നിലയില്‍ കിടക്കുമ്പോഴും കഴിഞ്ഞ ദിവസം എത്തിയ പുതിയ ബെഡ്ഡുകള്‍ രോഗികള്‍ക്ക് നല്‍കാന്‍ അധികാരികള്‍ തയാറായിട്ടില്ല.
നിലവില്‍ ആശുപത്രിക്ക് മുന്നില്‍ സ്ഥാപിച്ച ടാങ്കുകളില്‍ നിന്നും രോഗികള്‍ വെള്ളം മുക്കി എടുക്കാറാണ് പതിവ്. എല്ല് തേയ്മാനവും, ശരീരം തളര്‍ന്ന് പോയതും, നട്ടെല്ലിന് ക്ഷതമേറ്റവരുമായ രോഗികള്‍ക്ക് ഭാരം എടുക്കാന്‍ പാടില്ല എന്ന് ഇവിടുത്തെ ഡോക്ടര്‍മാര്‍ തന്നെ പറയുമ്പോള്‍ അവര്‍ തന്നെ സ്വയം വെള്ളം കോരേണ്ട സ്ഥിതിയാണുള്ളത്. പരാതി പറയുന്നവരോട് ഡിസ്ചാര്‍ജ് വാങ്ങി പോകാനാണ് അധികൃതരുടെ ഉപദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."