കൊകല് ക്യാംപ് ഇന്ന് സമാപിക്കും
പാലക്കാട്: സര്‍വശിക്ഷാ അഭിയാന്‍ അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കൊകല്- സഹവാസ ക്യാംപില്‍ എം.ബി. രാജേഷ് എം.പിയോടും ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയോടും സംവദിക്കാനായത് വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. അട്ടപ്പാടിയിലെ കാരറ യു.പി.സ്‌കൂളില്‍ അധ്യാപകരില്ലെന്ന പ്രശ്‌നം ചൂണ്ടികാണിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി പരിഹരിക്കുമെന്ന് എം.പി വിദ്യാര്‍ഥികള്‍ക്ക് ഉറപ്പു നല്‍കി.
വിദ്യാര്‍ഥികള്‍ ഉന്നയിച്ച ചേദ്യങ്ങള്‍ക്ക് എം.പി മറുപടി നല്‍കി. അട്ടപ്പാടിയിലെ മാലിന്യപ്രശ്‌നം, സഞ്ചരിക്കുന്ന ആശുപത്രിയുടെ ആവശ്യകത, കുടിവെളള പ്രശ്‌നം തുടങ്ങിയ വിഷയങ്ങള്‍ കുട്ടികള്‍ എം.പി.യുടെ ശ്രദ്ധയില്‍പ്പെടുത്തി. ജനപ്രതിനിധിയെന്ന നിലയില്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് എം.പി. വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി.
അടുത്ത അധ്യയനവര്‍ഷത്തിലെ പാഠപുസ്തകങ്ങള്‍ ക്യത്യസമയത്ത് സ്‌കൂളുകളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
അട്ടപ്പാടിയിലെ വന്യമ്യഗ ശല്യത്തിനെതിരേ വൈദ്യുതവേലി സ്ഥാപിച്ച് പരിഹാരം കാണുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. അട്ടപ്പാടിയിലെ മദ്യ ഉപഭോഗത്തിന്റെ പ്രശ്‌നങ്ങള്‍ കലക്ടറുടെ മുന്നില്‍ അവതരിപ്പിച്ച കുട്ടികളോട് വിശാദംശങ്ങള്‍ എഴുതി നല്‍കിയാല്‍ നടപടിയെടുക്കാമെന്ന് കലക്ടര്‍ പറഞ്ഞു.
സഹവാസ ക്യാംപിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ വസതിയിലെത്തി കുട്ടികളുമായി സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. സിവില്‍ സര്‍വീസിലെത്താന്‍ താത്പര്യമുണ്ടെന്നറിയിച്ച കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. മധുര പലഹാരങ്ങള്‍ നല്‍കിയും കുട്ടികളോട് ഒപ്പം ഫോട്ടോ എടുത്തും ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി വിദ്യാര്‍ഥികളെ സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ പി. കൃഷ്ണന്‍, പ്രോഗ്രാം ഓഫിസര്‍ പി.കെ വിജയന്‍ , സി. സുരേഷ്‌കുമാര്‍ പങ്കെടുത്തു.
വൈകിട്ട് പാലക്കാട് ടൗണ്‍ റയില്‍വെസ്റ്റേഷനില്‍ നിന്ന് പൊള്ളാച്ചിയിലേയ്ക്കും തിരിച്ചും വിദ്യാര്‍ഥികള്‍ ട്രെയിന്‍യാത്ര നടത്തി.
യാത്രയ്ക്കു മുമ്പ് കുട്ടികളുമായുള്ള കുടിക്കാഴ്ചയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ സുരേന്ദ്രന്‍ റെയില്‍വെ സിഗനലിങ് സംവിധാനം പരിചയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."