കഴിഞ്ഞ വര്‍ഷം യാത്ര റദ്ദാക്കിയവര്‍ക്കും ഈ വര്‍ഷം നേരിട്ടവസരം
കൊണ്ടോട്ടി: കഴിഞ്ഞ വര്‍ഷം അവസരം ലഭിച്ചിട്ടും ഹജ്ജ് കര്‍മത്തിന് പോകാന്‍ കഴിയാത്തവര്‍ക്ക് ഈ വര്‍ഷം നേരിട്ട് അവസരം. കഴിഞ്ഞ തവണ യാത്ര റദ്ദാക്കിയവരും ഇത്തവണ അപേക്ഷിച്ചവരുമായ തീര്‍ഥാടകരെയാണ് അഞ്ചാം വര്‍ഷക്കാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ഹജ്ജ് കമ്മിറ്റി അവസരം നല്‍കിയത്. മുന്‍ വര്‍ഷങ്ങളില്‍ ഇവരെ നാലാം വര്‍ഷക്കാരിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം 195 പേരാണ് യാത്ര റദ്ദാക്കിയിരുന്നത്. ഇവരില്‍ അപേക്ഷ നല്‍കിയ നൂറിലധികം പേര്‍ക്കും ഇത്തവണ അവസരം നല്‍കി.
കഴിഞ്ഞ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചെങ്കിലും ദേഹാസ്വാസ്ഥ്യം, അപകടം, കൂടെയുളള മെഹ്‌റമിന്റെ മരണം തുടങ്ങി വിവിധ കാരണങ്ങളാല്‍ അവസാന നിമിഷം യാത്ര റദ്ദാക്കേണ്ടി വന്നവരെയാണ് ഇത്തവണ നേരിട്ട് അഞ്ചാം വര്‍ഷക്കാരില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം അഞ്ചാം വര്‍ഷക്കാരായ 9090 പേര്‍ക്കാണ് അവസരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യാത്ര പോകാന്‍ കഴിയാതിരുന്ന തീര്‍ഥാടകരും ഇവരില്‍ ഉള്‍പ്പെടും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് തീര്‍ഥാടനത്തിന് ആദ്യഘട്ടത്തില്‍ കേരളത്തിന് 11,197 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. 70 വയസിന് മുകളില്‍ പ്രായമുളള 1740 പേരും, തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരായ 9090 പേരും ഉപ്പെടെ 10,830 പേര്‍ക്ക് നേരിട്ടാണ് നറുക്കെടുപ്പ് കൂടാതെ അവസരം ലഭിക്കുക. ശേഷിക്കുന്ന 367 സീറ്റിലേക്ക് നാലാം വര്‍ഷക്കാരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തീര്‍ഥാടകരെ കണ്ടെത്തും.കേരളത്തിലും, മറ്റു സംസ്ഥാനങ്ങളിലും അവസരം ലഭിച്ചവര്‍ വീണ്ടും യാത്ര റദ്ദാക്കുകയാണെങ്കില്‍ കാത്തിരിപ്പ് പട്ടികയിലുള്ള കൂടുതല്‍ പേര്‍ക്ക് അവസരം കൈവരും. ഈ വര്‍ഷം 2,000 പേരുടെ കാത്തിരിപ്പ് പട്ടിക തയാറാക്കാനാണ് ഹജ്ജ് കമ്മിറ്റി ഒരുങ്ങുന്നത്. മുന്‍ വര്‍ഷങ്ങളില്‍ 500 മുതല്‍ 750 വരെയുളളവരുടെ കാത്തിരിപ്പ് പട്ടികയാണ് തയാറാക്കിയിരുന്നത്.
നേരിട്ട് അവസരം ലഭിച്ചവരുടെ ലിസ്റ്റ് അടുത്ത ദിവസങ്ങളില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി പുറത്തിറക്കും.
നറുക്കെടുപ്പ്: കേരളത്തിന് 19നും
ലക്ഷദ്വീപിന് 16നും
കൊണ്ടോട്ടി: ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ഥാടകരുടെ നറുക്കെടുപ്പ് 16ന് നടക്കും. കേരളത്തിന്റെത് 19നാണ് നിശ്ചയിച്ചിരിക്കുന്നത്. ലക്ഷദ്വീപില്‍ നിന്ന് ഈ വര്‍ഷം 298 പേര്‍ക്കാണ് അവസരം. ഇവിടെ 366 അപേക്ഷകരാണുളളത്. ഇതില്‍ ആറ് പേര്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഇവര്‍ക്ക് നേരിട്ട് അവസരം നല്‍കി ശേഷിക്കുന്ന 360 പേര്‍ക്കായി നറുക്കെടുപ്പ് നടത്തും. ലക്ഷദ്വീപിന്റെ ഹജ്ജ് ക്വാട്ട 43 ആയിരുന്നെങ്കിലും 250 സീറ്റുകള്‍ അഡീഷനലായി ലഭിച്ചതോടെയാണ് ക്വാട്ട 298 ആയി ഉയര്‍ന്നത്.
19ന് രാവിലെ 11ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ വച്ചാണ് കേരളത്തിന്റെ നറുക്കെടുപ്പ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."