കല്ലാമൂലയില്‍ ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരുക്ക്
കാളികാവ്: നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയില്‍ കല്ലാമൂലയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരുക്കേറ്റു. കല്ലാമൂല വലിയ പാലത്തിനു സമീപം ഇന്നലെ ഉച്ചയ്ക്കു 12.30നാണ് അപകടമുണ്ടായത്. കാളികാവില്‍നിന്നു നിലമ്പൂരിലേക്കു പോകുകയായിരുന്ന യു.കെ.ബി ബസാണ് മറിഞ്ഞത്.
ബസ് വൈദ്യുതിത്തൂണില്‍ തട്ടി നിന്നതിനാല്‍ പുഴയിലേക്കു മറിയാതെ രക്ഷപ്പെട്ടു. പാലത്തിനോടു ചേര്‍ന്ന വളവില്‍വച്ച് ബ്രേക്ക് ജാമായതിനെ തുടര്‍ന്നാണ് ബസ് മറിഞ്ഞതെന്നാണ് നിഗമനം. അപകടത്തില്‍ പരുക്കേറ്റ 15 പേരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞെട്ടിക്കുളം പടുക്കണ്ടിയിയില്‍ ശൈലജ (46), ചുങ്കത്തറ പുലിമുണ്ട പടുക്കണ്ടിയില്‍ നാരായണി (48), നിലമ്പൂര്‍ കല്ലേമ്പാടം കളപറമ്പില്‍ ശ്രീഷ്മ (21), മാമാങ്കര മൊടപൊയ്ക പള്ളിത്താനം ബിന്‍സി (21), വട്ടപറമ്പത്ത് കൃഷ്ണന്‍ (56), കേളുനായര്‍പടി നടുക്കുടിയില്‍ സെല്‍വന്‍ (42), മകന്‍ വിഘ്‌നേഷ് (14), വെള്ളാമ്പ്രം കുമാരന്‍ (48), കാളികാവ് അടയ്ക്കാകുണ്ട് ചീനവിളയില്‍ ഐസക് (69), നിലമ്പൂര്‍ വീട്ടിച്ചാല്‍ ചേലേക്കോടന്‍ കുഞ്ഞഹമ്മദ് കുട്ടി, കോട്ടയം കാഞ്ഞിരപ്പള്ളി പുത്തന്‍വീട്ടില്‍ അഷ്‌റഫ് (48), അടയ്ക്കാകുണ്ട് വയങ്കര ഷറഫുദ്ദീന്റെ മകള്‍ ഹിബ (11), മാതാവ് ഹഫ്‌സത്ത് (38), പാലക്കയം മഞ്ഞക്കുന്നേല്‍ ജോര്‍ജ് (58), കിഴക്കേകര ചന്ദ്രന്‍ (57) എന്നിവരാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്.
അപകടത്തില്‍പ്പെട്ട ഭൂരിഭാഗം പേരും കല്ലാമൂലയിലെ വിവാഹച്ചടങ്ങ് കഴിഞ്ഞു മടങ്ങുന്നവരായിരുന്നു.
പാലത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന പൂക്കോട്ടുംപാടത്തെ പൊന്നേടത്ത് ലിജിന്റെ ബൈക്കിനു മുകളിലൂടെയാണ് ബസ് മറിഞ്ഞത്. ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
അപകടത്തില്‍ നിസാര പരുക്കേറ്റവരെ പൂക്കോട്ടുംപാടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ചികിത്സ നല്‍കി വിട്ടു. കാളികാവ് എസ്.ഐ എം.സി പ്രമോദിന്റെ നേതൃത്വത്തില്‍ പൊലിസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."