അകകണ്ണിന്‍ വെളിച്ചത്തില്‍ ശില്‍പ നേടിയത് പത്തരമാറ്റ് വിജയം
ശ്രീകൃഷ്ണപുരം: കാഴ്ചയുടെ ലോകത്ത് നൂറു ശതമാനവും പരിമിതിയുള്ള ശില്‍പ കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നേടിയത് മികച്ച വിജയം. ജന്മനാല്‍ രണ്ടണ്ടു കണ്ണിനും കാഴ്ചശക്തിയില്ലാത്ത ശില്‍പ വിധിയോട് പൊരുതിയാണ് തന്റെ ജീവിതയാത്രയും പഠനവും തുടരുന്നത്.
കോയമ്പത്തൂര്‍ അരവിന്ദ് ആശുപത്രിയിലും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലും കുഞ്ഞുനാളില്‍ തന്നെ ചികിത്സ തേടിയെങ്കിലും രക്ഷിതാക്കള്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. ആറു വയസില്‍ തന്നെ കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാലയത്തില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്തു.
അധ്യാപകരായ ഉഷ ടീച്ചറുടെയും ബിജു മാസ്റ്ററുടെയും ശിക്ഷണത്തില്‍ ഏഴാം ക്ലാസ് വരെ അവിടെ പഠനം തുടര്‍ന്നു. പിന്നീട് ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ ഹൈസ്‌കൂള്‍ പഠനത്തിന് ചേര്‍ന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എട്ട് എപ്ലസും രണ്ട് എ ഗ്രേഡുകള്‍ നേടി മിന്നുന്ന വിജയം.
പഠന കാലത്ത് ആറാം ക്ലാസില്‍ സംസ്ഥാന സ്‌പെഷല്‍ കലോത്സവത്തില്‍ മോണോ ആക്ടിലും ഏഴില്‍ പഠിക്കുമ്പോള്‍ പ്രസംഗത്തിലും ഒന്നാം സ്ഥാനക്കാരിയായിരുന്നു. പ്രവൃത്തി പരിചയമേളയില്‍ തത്സമയ നിര്‍മാണ മത്സരത്തില്‍ കര്‍ട്ടന്‍ വര്‍ക്കിലും നെറ്റ് നിര്‍മ്മാണത്തിലുമെല്ലാം എഗ്രേഡോടെ ഒന്നാം സ്ഥാനക്കാരിയായിരുന്നു. എട്ടാം ക്ലാസിലും ഒന്‍പതിലും പഠിക്കുമ്പോള്‍ ബ്രെയില്‍ ലിപി പുസ്തകങ്ങള്‍ ലഭിക്കാത്തതു മൂലം വിദ്യാലയത്തില്‍ നിന്ന് സഹപാഠികളും വീട്ടിലെത്തിയാല്‍ അമ്മയും വായിച്ചു കൊടുക്കുന്നതു കേട്ടാണ് പഠിച്ചത്. പത്തിലെത്തിയപ്പോള്‍ ഹിന്ദിയൊഴികെയുള്ള പുസ്തകങ്ങള്‍ ലഭിച്ചിരുന്നു. ഇത്തരം വെല്ലുവിളികളെ നേരിടാന്‍ കൂട്ടുകാരികളായ ദിവ്യയും മന്യയും നമിതയും പകര്‍ന്നു നല്‍കിയ പിന്തുണയെ ശില്‍പ നന്ദിപൂര്‍വം ഓര്‍ക്കുന്നു.
മാത്ത്‌സ്, ബയോളജി വിഷയങ്ങള്‍ വിഷമമായിരിക്കുമെന്ന് ശില്‍പ കരുതുന്നു. അതു കൊണ്ട് കോമേഴ്‌സ് വിഷയം എടുത്ത് പ്ലസ്ടുവും ഡിഗ്രിയും കഴിഞ്ഞ് ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ഉപരി പഠനത്തില്‍ ബ്രെയില്‍ ലിപി പുസ്തകങ്ങള്‍ ലഭിക്കുമോ എന്നാണ് ആശങ്ക. ഉപരി പഠനത്തിന് ആവശ്യമായൊരു കംപ്യൂട്ടര്‍ അക്ഷരമിത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സുമനസ്സുകളുടെ സഹായത്തോടെ ഏര്‍പ്പെടുത്തി കൊടുക്കാന്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടുവന്നിരിക്കയാണ്.
സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും നന്നായി പാടാനറിയാവുന്ന ശില്‍പ ചെസ്സ് കളിയില്‍ തത്പരയാണ്. ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് കാഞ്ഞിരമ്പാറയില്‍ മുറിച്ചിറ വീട്ടില്‍ രവിചന്ദ്രന്റെയും വസന്തകുമാരിയുടെയും മകളാണ് ശില്‍പ. ഏക സഹോദരന്‍ ശശികുമാര്‍ ഐ.ടി.ഐ വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."