ജില്ലാ പഞ്ചായത്ത് യോഗം നിര്‍മാണ മേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ ഇടപെടണം
കണ്ണൂര്‍: നിര്‍മാണ മേഖലയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ സര്‍കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. ക്വാറികളുടെ ലൈസന്‍സ് പ്രശ്നവും മണല്‍വാരല്‍ നിയന്ത്രണവും മൂലം നിര്‍മാണ രംഗത്ത് അസംസ്കൃത വസ്തുക്കള്‍ കിട്ടാത്ത സ്ഥിതിയാണെന്ന് യോഗത്തില്‍ അധ്യക്ഷനായ പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറികള്‍ മാര്‍ച്ച് 31 വരെയെങ്കിലും തുടരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കലക്ടറോട് അഭ്യര്‍ഥിച്ചതായി പ്രസിഡന്റ് അറിയിച്ചു. മണല്‍ വാരല്‍ പ്രശ്നവും പരിഹരിക്കാന്‍ ശ്രമം നടത്തി വരികയാണെന്ന് അദ്ദേഹം അറിയിച്ചു. അയ്യന്‍കുന്ന് പഞ്ചായത്തിലെ പട്ടികജാതി കോളനിയിലെ വീടുകളില്‍ ശൗചാലയം ഇല്ലാത്ത കാര്യത്തില്‍ പരിശോധന നടത്തി ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ധാരണയായി.
സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ ചെയര്മാന്മാരായ വൈസ് പ്രസിഡന്റ് പി.പി ദിവ്യ, വി.കെ. സുരേഷ് ബാബു, കെ ശോഭ, കെ.പി ജയബാലന്‍, ടി.ടി റംല എന്നിവര്‍ അവതിപ്പിച്ചു. ഇ-ടെന്‍ഡര്‍ നിലവില്‍ വന്നതോടെ പ്രവൃത്തികളുടെ ടെന്‍ഡര്‍ തുക 10 മുതല്‍ 15 ശതമാനം വരെ കുറവ് വന്നതായി എല്‍.എസ്.ജി.ഡി എക്സി.എന്‍ജിനീയര്‍ കെ.വി സജീവന് അറിയിച്ചു. അംഗങ്ങളായ കെ. നാണു, തോമസ് വര്‍ഗീസ്, ജോയ് കൊന്നക്കല്‍, കെ.പി ചന്ദ്രന്, സുമിത്ര ഭാസ്കരന്, അജിത് മാട്ടൂല്‍, പി.പി ഷാജിര്‍, അന്‍സാരി തില്ലങ്കേരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."