വ്യാപാരിയെ കൊള്ളയടിച്ചു
ചെറുപുഴ: കടയടച്ച് വീട്ടില്‍ പോവുകയായിരുന്ന വ്യാപാരിയുടെ കണ്ണില്‍ മുളകു പൊടി വിതറി 88,000 രൂപയും താക്കോലും കവര്‍ന്നു. ചെറു പുഴ ബസ് സ്റ്റാന്‍ഡിലെ ആന്‍ഡ്രിയ സില്‍വര്‍ ജ്വല്ലറി ഉടമ കാവുംതലയിലെ കുരുവിള ടോമിയെ(53)യാണ് ആക്രമിച്ചത്. ഇയാളെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച കടയടച്ചതിനു ശേഷം തയ്യേനിയില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോകവേയായിരുന്നു ആക്രമണം. മുഖംമൂടി ധരിച്ച ഒരാള്‍ റോഡരികില്‍ നിന്ന് ടോമിയുടെ മുഖത്ത് ടോര്‍ച്ചടിക്കുകയും കണ്ണില്‍ മുളകുപൊടി വിതറുകയും ചെയ്തുവെന്നാണ് ടോമി പറയുന്നത്. കൈയിലുണ്ടായിരുന്ന പണവും താക്കോലും അടങ്ങിയ പ്ലാസ്റ്റിക്ക് സഞ്ചി പിടിച്ചുപറിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ ഓടയിലേക്ക് തള്ളിയിട്ട് സഞ്ചിയുമായി കടന്നുകളയുകയായിരുന്നത്രെ. കുഴിയിലേക്ക് വീണ ടോമി മണിക്കൂറുകളോളം അവശനിലയില്‍ കിടന്നു. പിന്നീട് മൊബൈല്‍ ഫോണിലൂടെ വീട്ടില്‍ വിവരമറിയിക്കുകയും വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം പാടിയോട്ടുചാലിലെ ഒരു ബാങ്കില്‍ നിന്നു വായ്പയെടുത്ത ഒരു ലക്ഷം രൂപയില്‍ ബാക്കിയുണ്ടായിരുന്ന തുകയാണ് നഷ്ടപ്പെട്ടത്. ചിറ്റാരിക്കല്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."