കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം സര്‍ക്കാര്‍ ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും
തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും. ഇതുസംബന്ധിച്ച റവന്യൂവകുപ്പ് ശുപാര്‍ശകള്‍ക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കി. സ്‌പെഷല്‍ ഓഫിസറായി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കാനും തീരുമാനിച്ചു.
സ്‌പെഷല്‍ ഓഫിസറായി റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനെ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. ഇതിനെ സി.പി.ഐ മന്ത്രിമാര്‍ എതിര്‍ത്താല്‍ മറ്റൊരു സീനിയര്‍ ഐ.എ.എസ് ഓഫിസറെ നിയമിക്കുമെന്നാണ് സൂചന. കൊട്ടക്കമ്പൂര്‍, വട്ടവട വില്ലേജുകളിലെ 58, 62 ബ്ലോക്കുകളിലെ ജനവാസ മേഖലയും കൃഷിഭൂമിയുമാണ് കുറിഞ്ഞി ഉദ്യാനത്തില്‍നിന്ന് ഒഴിവാക്കുക.
59, 61 ബ്ലോക്കുകളിലെ ജനവാസമില്ലാത്ത സ്ഥലങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധി 3,200 ഹെക്ടറായി നിലനിര്‍ത്തുകയാണ് ലക്ഷ്യം. യഥാര്‍ഥ പട്ടയമുള്ളവരെയും കൈയേറ്റക്കാരെയും തിരിച്ചറിയുകയാണ് ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യം.
തമിഴ്‌നാട്ടിലും കേരളത്തിലും ഒരേസമയം വന്‍തോതില്‍ ഭൂമി സ്വന്തമായുള്ളവരെ കണ്ടെത്തും. ഈ ചുമതലകള്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്‌പെഷല്‍ ഓഫിസറായാവും നിയമനം.
തര്‍ക്കമുള്ള സ്ഥലങ്ങള്‍ സ്‌പെഷല്‍ ഓഫിസര്‍ നേരിട്ട് സന്ദര്‍ശിക്കണം. ഭൂരേഖകള്‍ നേരിട്ട് പരിശോധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കും. കുറിഞ്ഞി മേഖലയില്‍നിന്ന് കാറ്റാടി, യൂക്കാലി മരങ്ങള്‍ പൂര്‍ണമായും മുറിച്ചുമാറ്റുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങളും ഉത്തരവ് വ്യക്തമാക്കും. പരിസ്ഥിതിക്ക് ഏറെ ദോഷംചെയ്യുന്ന ഈ മരങ്ങളുടെ കൃഷിക്കായാണ് വ്യാപകമായ കൈയേറ്റം നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പട്ടയഭൂമിയില്‍നിന്ന് ഉടമതന്നെ മരങ്ങള്‍ മുറിച്ചുമാറ്റണം. ഇല്ലെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ മുറിച്ചുമാറ്റാന്‍ കലക്ടര്‍ നടപടിയെടുക്കണം. വനം, റവന്യൂ, വൈദ്യുതി മന്ത്രിമാരുടെ ശുപാര്‍ശയെ അടിസ്ഥാനമാക്കിയാണ് ഉത്തരവിറക്കുക. അതേസമയം, കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഇതിന് അനുവാദം നല്‍കേണ്ടതുണ്ട്. കുറിഞ്ഞി ഉദ്യാനമായി വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശം ഡിനോട്ടിഫൈ ചെയ്യാനും നിയമപരമായ തടസങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."