ഡിഫ്തീരിയ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
കൊണ്ടോട്ടി: പുളിക്കല്‍ പെരിയമ്പലത്തു വിദ്യാര്‍ഥി ഡിഫ്റ്റീരിയ ബാധിച്ചു മരിച്ചതോടെ ആരോഗ്യ വകുപ്പു പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. വിദ്യാര്‍ഥി പഠിച്ചിരുന്ന പുളിക്കല്‍ എ.എം.എം ഹൈസ്‌കൂളിലെ 225 കുട്ടികളെ പരിശോധനയ്ക്കു വിധേയമാക്കി. പനി ലക്ഷണമുള്ള രണ്ടു കുട്ടികളെ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കയച്ചു. ഡിഫ്തീരിയ മരണം സംഭവിച്ച ക്ലാസിലെ 45 പേര്‍ക്കും അധ്യാപകര്‍ക്കും പ്രൊഫിലാക്‌സിസ് ആന്റി ബയോട്ടിക് നല്‍കി. ഇവര്‍ക്കു ഇന്നു ടി.ഡി. വാക്‌സിന്‍ നല്‍കും. ഈ ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്കു ബോധവത്കരണം നല്‍കി.
ശനിയാഴ്ച രാവിലെ 10നും 11നും രണ്ടു ബാച്ചുകളിലായി വിദ്യാലയത്തിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും ബോധവത്കരണ ക്ലാസും ഉച്ചയ്ക്കു രണ്ടിനു തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള വിപുലമായ യോഗവും ചേരുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. ഇതുവരെ കുത്തിവയ്പ് എടുക്കാത്തവര്‍ക്കും ഭാഗികമായി എടുത്തവര്‍ക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടി.ഡി. വാക്‌സിന്‍ നല്‍കും. ഒരു കുത്തിവെപ്പും എടുക്കാത്ത കുട്ടികള്‍ക്കു മൂന്നു തവണയും നേരത്തെ എടുത്തു മുഴുവനാക്കാത്തവര്‍ക്ക് ഒരുതവണയുമാണു കുത്തിവെപ്പു എടുക്കുക.
ഡിഫ്തീരിയ മരണം സംഭവിച്ച പുളിക്കല്‍ പെരിയമ്പലം ഭാഗങ്ങളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയും ബോധവത്കരണ ക്ലാസും നടത്തി. പുളിക്കല്‍ പെരിയമ്പലം പള്ളിക്കല്‍ ബസാര്‍ റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബേപ്പൂര്‍ നടുവട്ടം രാജീവന്‍ കോളനിയിലെ അബ്ദുള്‍ സലാം-നജ്മുന്നീസ ദമ്പതികളുടെ മകന്‍ അഫ്ഷാസ്(14)ആണു മരിച്ചത്. ക്വാര്‍ട്ടേഴ്‌സിന്റെ പരിസരങ്ങളിലുള്ള ജനങ്ങള്‍ക്കു ബോധവത്കരണം നല്‍കി. ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ.ഡോ.രേണുക, പുളിക്കല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.അനിതാമ്മ സെബാസ്റ്റിന്‍, ചെറുകാവ് മെഡിക്കല്‍ ഓഫിസര്‍ ഡോ.സന്തോഷ്, കൊണ്ടോട്ടി ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്രകാശ്, പുളിക്കല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ്, ഡി.പി.എച്ച്.എന്‍.റജിലേഖ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബ്രിജിത് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ അബ്ദുല്‍ വഹാബ്,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."