കാലാവസ്ഥാ മുന്നറിയിപ്പുകള്‍ തെറ്റായി നല്‍കി ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു
കോഴിക്കോട്: വിവിധ ഏജന്‍സികള്‍ ഇറക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകളിലെ പിശകുകള്‍ മൂലം സര്‍ക്കാര്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. സംസ്ഥാനത്ത് കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നും ആറു ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയെന്നുമാണ് കഴിഞ്ഞ ദിവസം പി.ആര്‍.ഡി കാസര്‍കോട്ട് ഇറക്കിയ വാര്‍ത്താകുറിപ്പിലുള്ളത്. എന്നാല്‍ ഇത്തരമൊരു മുന്നറിയിപ്പ് കേന്ദ്ര, സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ഇറക്കിയിട്ടില്ല.
ഉത്തരേന്ത്യയില്‍ നാശംവിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെ കേരളമടക്കം 10 സംസ്ഥാനങ്ങളില്‍കൂടി കൊടുങ്കാറ്റിനു സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ ഉദ്ധരിച്ച് വാര്‍ത്താകുറിപ്പില്‍ പറയുന്നത്. മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലയിലുള്ളവര്‍ക്കും വാര്‍ത്താകുറിപ്പിലൂടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് 'ജാഗ്രതാ നിര്‍ദേശം' നല്‍കിയിരുന്നു.
എന്നാല്‍ തിങ്കളാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) ഇറക്കിയ മൂന്നു ബുള്ളറ്റിനുകളിലും ഇത്തരം മുന്നറിയിപ്പില്ല.
കേരളത്തില്‍ രണ്ടു ദിവസത്തേക്ക് ഇടിയോടുകൂടിയ മഴയും ശക്തമായ കാറ്റുമാണ് കേന്ദ്ര ഏജന്‍സി പ്രവചിച്ചത്. സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഐ.എം.ഡിയുടെ ശാസ്ത്രീയ വിവരങ്ങളുടെ ചുവടുപിടിച്ചാണ് മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. ഇടിയോടുകൂടിയ ശക്തമായ ഒറ്റപ്പെട്ട മഴയാണ് സംസ്ഥാന കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചത്.
കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് വിദേശ, കേന്ദ്ര, സംസ്ഥാന ഏജന്‍സികളോ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. സ്വകാര്യ കാലാവസ്ഥാ സ്ഥാപനങ്ങളും കൊടുങ്കാറ്റെന്ന മുന്നറിയിപ്പിനെ തള്ളി. നിലവില്‍ കൊടുങ്കാറ്റിനോ ചുഴലിക്കാറ്റിനോ ഉള്ള സാധ്യത ഇല്ലെന്നും ഇത്തരത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. മിനി സുപ്രഭാതത്തോട് പറഞ്ഞു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ബുള്ളറ്റിന്‍ മൊഴിമാറ്റം ചെയ്തപ്പോള്‍ തണ്ടര്‍സ്റ്റോം (ഇടിയോടുകൂടിയ മഴ) എന്നുള്ളത് സ്റ്റോം (കൊടുങ്കാറ്റ്) എന്ന് തെറ്റിദ്ധരിച്ചതാകാം ഇത്തരം വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കാനായതിനു കാരണം എന്നാണ് നിഗമനം. എന്നാല്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നും മത്സ്യബന്ധന വിലക്കും എവിടെനിന്നു ലഭിച്ചുവെന്ന ചോദ്യം ബാക്കിയാകുകയാണ്. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും, ചെന്നൈയിലെ മേഖലാ സൈക്ലോണിക് വാണിങ് സെന്ററും തിങ്കളാഴ്ച കേരളത്തിനു മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
ഉയര്‍ന്ന തിരമാല, കടല്‍പ്രക്ഷുബ്ധം, മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് എന്നിവ ഔദ്യോഗികമായി പുറപ്പെടുവിക്കേണ്ടത് ഈ ഏജന്‍സികളാണ്. കാലാവസ്ഥ സംബന്ധിച്ച് തെറ്റായ വിവരം പുറത്തുവരുമ്പോള്‍ പൊതുജനങ്ങളും പൊലിസ്, റവന്യൂ, ജില്ലാ ഭരണകൂടം എന്നിവയാണ് ആശങ്കയിലാകുന്നത്.
കഴിഞ്ഞ മാര്‍ച്ച് ഒന്നിന് സംസ്ഥാന ദുരന്തനിവാരണ സേനയുടേതായി പുറത്തുവന്ന വാര്‍ത്താകുറിപ്പും ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു.
കേരളത്തില്‍ വരാനിരിക്കുന്ന രണ്ടുമാസംകൊണ്ട് നാലുമുതല്‍ 10 ഡിഗ്രിവരെ ചൂട് കൂടുമെന്നായിരുന്നു അറിയിപ്പ്. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പത്രകുറിപ്പിനെ ഉദ്ധരിച്ചാണ് ദുരന്തനിവാരണ സേന വാര്‍ത്താകുറിപ്പിറക്കിയത്.
സാമൂഹിക മാധ്യമങ്ങളിലും ഇത് കത്തിപ്പടര്‍ന്നു. എന്നാല്‍ സുപ്രഭാതം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കാതിരിക്കുകയും ഐ.എം.ഡിയുടെ യഥാര്‍ഥ പത്രകുറിപ്പ് വാര്‍ത്തയാക്കുകയുമായിരുന്നു. 0.5 മുതല്‍ 1 ഡിഗ്രി വരെ ചൂട് കൂടുമെന്ന അറിയിപ്പാണ് ഇത്തരത്തില്‍ പലമടങ്ങ് പെരുപ്പിച്ച് കാട്ടിയത്. സാങ്കേതിക പദങ്ങള്‍ മൊഴിമാറ്റം ചെയ്യുന്നതിലെ പിഴവും സാങ്കേതിക വിദഗ്ധരുടെ സഹായം തേടാത്തതുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."