സി.സി.ടി.വിയില്ല; മെഡിക്കല്‍ കോളജില്‍ മോഷണത്തിന് കുറവില്ല!
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ സി.സി.ടി.വി സംവിധാനമില്ലാത്തതു കാരണം മോഷണം തുടര്‍ക്കഥയാകുന്നു. ഒ.പി വിഭാഗത്തിനടുത്തു ക്യൂ നില്‍ക്കുന്നതിനിടെയാണ് കൂടുതലും മോഷണം നടക്കുന്നത്. ഈയിടെ നിരവധി മോഷണങ്ങളാണ് മെഡിക്കല്‍ കോളജില്‍ നടന്നത്.
അത്യഹിത വിഭാഗത്തിനടുത്തു പാര്‍ക്കുചെയ്ത വാഹനങ്ങള്‍ കേന്ദ്രീകരിച്ചും മോഷ്ടാക്കള്‍ വിലസുന്നുണ്ട്. ഒ.പി വിഭാഗത്തിനടുത്തു ഡോക്ടറെ കാണാനെത്തിയവരില്നിന്നാണ് കൂടുതലും ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ മോഷണം നടത്തുന്നത്. ചികിത്സയ്ക്കെത്തിയ വയോധികയുമായി പരിചയംനടിച്ചു നേരത്തെ ഇവിടെ യുവാവ് മോഷണം നടത്തിയിരുന്നു. സി.സി.ടി.വി ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഈ ഭാഗങ്ങളില്‍ ഇല്ലാത്തതു മോഷണം നടത്തുന്നവര്‍ക്കു കൂടുതല്‍ സഹായകരമായിരിക്കുകയാണ്. ഒ.പി സമയങ്ങളില്‍ വലിയതോതിലുള്ള തിരക്കാണ് മെഡിക്കല്‍ കോളജില്‍ അനുഭവപ്പെടാറുള്ളത്. ഇതു മുതലെടുത്തുള്ള മോഷണങ്ങള്‍ തടയിടുന്നതിന് ഇത്തരം നിരീക്ഷണ സംവിധാനങ്ങളാണ് എല്ലായിടങ്ങളിലും സ്വീകരിച്ചുപോരുന്നത്. അതേസമയം, സി.സി.ടി.വി കാമറകള്‍ സംവിധാനിക്കുന്നതുമായി ബന്ധപ്പെട്ട് എട്ടു ലക്ഷം രൂപ അനുവദിച്ചുകിട്ടാന്‍ ബന്ധപ്പെട്ടവര്‍ക്കു പ്രൊപ്പോസല്‍ നല്കിയിട്ടുണ്ടന്നും ഫണ്ട് അനുവദിച്ചാല്‍ ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."