വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിനെ മോചിപ്പിക്കാന്‍ കൈക്കൂലി വാങ്ങിയതായി ആരോപണം
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ മോചിപ്പിക്കാന്‍ പൊലിസ് കൈക്കൂലി വാങ്ങിയതായി ആരോപണം. സി.ഐ ക്രിസ്പിന് സാമിനുവേണ്ടി പണം വാങ്ങിയെന്നാണ് ആരോപണം. പൊലിസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിനു പിറ്റേദിവസം 25000 രൂപ ആവശ്യപ്പെടുകയായിരുന്നു. പണത്തിന്റെ ആദ്യ ഗഡുവായി 15000 രൂപ സി.ഐയുടെ ഡ്രൈവര്‍ കൈപ്പറ്റിയതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
ശ്രീജിത്തിന്റെ ചികിത്സയ്ക്കെന്നു പറഞ്ഞാണ് പണം ചോദിച്ചത്. ശ്രിജിത്ത് മരിച്ച ശേഷം ഈ തുക ഇടനിലക്കാര്‍ വഴി പൊലിസ് വീട്ടുകാര്‍ക്ക് തിരിച്ചുകൊടുത്തതായും വിവരം ലഭിച്ചു.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇന്ന് ശ്രീജിത്തിന്റെ കുടുംബാംഗങ്ങളില്‍ ചിലരുടെ മൊഴിയെടുത്തു. ശ്രീജിത്തിന്റെ ഭാര്യാ പിതാവടക്കമുള്ളവരില്നിന്ന് സുപ്രധാനമായ വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
അതേസമയം കേസില്‍ നാല് പൊലിസുകാരെക്കൂടി പ്രതിചേര്‍ത്തു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ വരാപ്പുഴ സ്റ്റേഷനില്‍ ഉണ്ടായിരുന്നവരെയാണ് പ്രതി ചേര്‍ത്തത്. നാല് പേരെക്കൂടി ഉള്‍പ്പെടുത്തിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.
എ.എസ്.ഐമാരായ ജയാനന്ദന്, സന്തോഷ്, സി.പി.ഒമാരായ ശ്രീരാജ്, സുനില്‍ കുമാര്‍ എന്നിവര്‍ കൂടി ഇതോടെ കേസില്‍ പ്രതിയാവും.
കേസില്‍ നാട്ടുകാരായ സാക്ഷികളുടെ രഹസ്യമൊഴിയെടുക്കാനും കോടതി അനുമതി നല്കി. വരാപ്പുഴ വീടാക്രമണ കേസില്‍ പൊലിസ് കസ്റ്റഡിയിലുള്ള പ്രതികളുടെ തെളിവെടുപ്പും നടന്നു. ആക്രമണത്തിനുപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു.
ശ്രീജിത്ത്, അജിത്, വിപിന്‍ എന്നിവരെ ദേവസ്വം പാടത്ത് എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."