പോസ്‌റ്റോഫിസ് കെട്ടിടം വിട്ടുകൊടുക്കണമെന്ന ഉത്തരവ് കൈമാറണമെന്ന് സി.എന്‍ ജയദേവന്‍
തൃശൂര്‍: പട്ടാളം റോഡ് വികസനത്തിനായി പോസ്റ്റ് ഓഫിസ് ഭൂമി കോര്‍പറേഷന് കൈമാറുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി പാര്‍ലമെന്റിലും സി.എന്‍ ജയദേവന്‍ എം.പിയുടെ ഇടപെടല്‍. നേരത്തെ മന്ത്രിതലത്തില്‍ നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ റോഡ് വികസനത്തിന് പോസ്‌റ്റോഫിസ് കെട്ടിടമിരിക്കുന്ന ഭൂമി വിട്ടുകൊടുക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പോസ്‌റ്റോഫിസ് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിക്കാത്തതാണ് നടപടികള്‍ വൈകിപ്പിക്കുന്നുവെന്ന് സി.എന്‍ ജയദോവന്‍ എം.പി ലോക്‌സഭയില്‍ ചട്ടം 377 പ്രകാരം ഉന്നയിച്ചു. പട്ടാളം റോഡ് വികസനത്തിനായി പോസ്‌റ്റോഫിസ് മാറ്റുന്നതിനും ഭൂമി കോര്‍പറേഷന് കൈമാറുന്നതിനും കോര്‍പറേഷനും കേരള ചീഫ് മാസ്റ്റര്‍ ജനറലും കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദുമായി നടത്തിയ ചര്‍ച്ചയില്‍ 2015 ഒക്ടോബര്‍ 19 നാണ് ധാരണയായത്. പോസ്റ്റോഫിസ് മാറുന്ന മുറക്ക് പ്രവര്‍ത്തിക്കാന്‍ താല്‍കാലിക കെട്ടിടം ശരിയാക്കി 2016 ജനുവരി 30ന് മാറ്റാനാണ് ഉത്തരവ് ഇട്ടത്. ഇതനുസരിച്ച് ഭൂമി കൈമാറാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും കോരള പോസ്‌റ്റോഫിസിന് ഉത്തരവ് കൈമാറണം. ഇതില്‍ വകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് സി.എന്‍ ജയദേവന്‍ ഇന്നലെ സഭയില്‍ ആവശ്യപ്പെട്ടു. ഇടക്കാലത്ത് കോര്‍പറേഷന്‍ ഭരണാധികാരികളും വിഷയം കേന്ദ്രമന്ത്രിയെ നേരില്‍കണ്ട് ധരിപ്പിച്ചിരുന്നെങ്കിലും നടപടികള്‍ എടുത്തിരുന്നില്ല. പിന്നീടാണ് സി.എന്‍ ജയദേവന്റെ ഇടപെടലിനെ തുടര്‍ന്ന് ഉത്തരവിറക്കാന്‍ തീരുമാനമായത്. ചട്ടം 377 പ്രകാരം ഉന്നയിച്ചതോടെ നടപ്പ് പാര്‍ലമെന്റ് സെഷന്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് കേന്ദ്രമന്ത്രി രേഖാമൂലം എം.പിക്ക് മറുപടി നല്‍കും. ഇതോടെ ഉദ്യോഗസ്ഥതലത്തില്‍ വന്നിട്ടുള്ള കാലതാമസം മാറി എം.ഒ റോഡിലെ ഗതാഗത കുരുക്കിന് കാരണമായ കുപ്പിക്കഴുത്ത് പൊട്ടിക്കാനാവുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."