നേട്ടം കൊയ്തത് പെണ്‍പട
മലപ്പുറം: പരീക്ഷാ ഫലത്തില്‍ എ പ്ലസ് കുതിപ്പുണ്ടായപ്പോള്‍ നേട്ടങ്ങളെല്ലാം കൊയ്തത് പെണ്‍കുട്ടികള്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 14768 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയതില്‍ പതിനായിരത്തിലധികം പേരും പെണ്‍കുട്ടികള്‍.
സയന്‍സ്, ഹ്യുമാനറ്റീസ്, കൊമേഴ്‌സ്, ടെക്‌നിക്കല്‍, ആര്‍ട്ട് വിഭാഗങ്ങളിലായി 10914 പെണ്‍കുട്ടികളാണ് എ പ്ലസ് നേടിയത്. അതേസമയം സംസ്ഥാനത്താകെ 3854 ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് മുഴുവന്‍ എ പ്ലസ് ലഭിച്ചത്. 23268 പെണ്‍കുട്ടികള്‍ക്ക് എ ഗ്രേഡിനും അതിനുമുകളിലും ലഭിച്ചപ്പോള്‍ 8745 ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഈ നിലയിലെത്താന്‍ കഴിഞ്ഞത്.
തോല്‍വിക്കാരുടെ എണ്ണത്തിലും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ നാണം കെടുത്തി. 60,350 പേരാണ് തോല്‍വി രുചിച്ചത്. ഇതില്‍ 41,209 പേരും ആണ്‍കുട്ടികളാണ്. തോറ്റ പെണ്‍കുട്ടികളുടെ എണ്ണം ഇതിന്റെ പകുതിയില്‍ താഴെ. 19,141 പെണ്‍കുട്ടികളാണ് ഇത്തവണ പരീക്ഷയില്‍ തോറ്റത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി 59,175വിദ്യാര്‍ഥികള്‍ ഡി ഗ്രേഡ് നേടിയപ്പോള്‍ 1175 പേര്‍ അതിലും താഴെയുള്ള ഇ ഗ്രേഡ് നേടി. ഡി പ്ലസിന്റെ ആനുകൂല്യത്തില്‍ മറുകര പറ്റിയത് 2112 വിദ്യാര്‍ഥികളാണ്. കഷ്ടിച്ചു കരകടന്ന ഈ വിഭാഗത്തിലും മുന്നില്‍ ആണ്‍കുട്ടികള്‍.
1845 ആണ്‍കുട്ടികള്‍ ഡിപ്ലസോടെ ഉപരിപഠന യോഗ്യത നേടിയപ്പോള്‍ 267 പെണ്‍കുട്ടികള്‍ മാത്രമാണ് ഇത്തരത്തില്‍ വിജയിച്ചത്.
109 എ പ്ലസുകളുള്ള ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തിലും പെണ്‍കുട്ടികള്‍ തന്നെ മുന്നില്‍.
64 പെണ്‍കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയപ്പോള്‍ 45 ആണ്‍കുട്ടികള്‍ മാത്രമാണ് ഈ നേട്ടത്തിലെത്തിയത്. 42488 വിദ്യാര്‍ഥികള്‍ ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ തോറ്റപ്പോള്‍ 30,146 പേര്‍ ആണ്‍കുട്ടികളാണ്. പെണ്‍കുട്ടികളില്‍ നിന്ന് 12,342 പേര്‍മാത്രമാണ് തോല്‍വി രുചിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."