സി.പി.എം പെരിഞ്ഞനം ലോക്കല്‍ സെക്രട്ടറിയെ തരം താഴ്ത്തി
കൊടുങ്ങല്ലൂര്‍: സി.പി.എം. പെരിഞ്ഞനം ലോക്കല്‍ കമ്മിറ്റി യോഗത്തിലുണ്ടായ ബഹളത്തെ തുടര്‍ന്ന് ലോക്കല്‍ സെക്രട്ടറിയെ തരം താഴ്ത്തി. ചൊവ്വാഴ്ച ചേര്‍ന്ന എരിയ കമ്മിറ്റി യോഗത്തിലാണ് സി.പി.എം.പെരിഞ്ഞനം ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ. അറുമുഖനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്താന്‍ തീരുമാനിച്ചതും ഏരിയ കമ്മിറ്റി അംഗം ടി.കെ. രമേഷ്ബാബുവിനാണ് ലോക്കല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയതും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പെരിഞ്ഞനത്തെ വന്‍ വിജയത്തെ തുടര്‍ന്ന് നാല് തവണ പഞ്ചായത്ത് അംഗവും ദീര്‍ഘകാലം ലോക്കല്‍ കമ്മിറ്റിയംഗവുമായ കെ.എസ്. ദിലീപ്കുമാറിനെ പ്രസിഡന്റാക്കാനായിരുന്നു ഏരിയ കമ്മിറ്റിയുടെ തീരുമാനം. ഈ തീരുമാനത്തിന് ജില്ലാ കമ്മിറ്റി അംഗീകാരവും ലഭിച്ചിരുന്നു.
തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ തെരഞ്ഞെടുപ്പിന്റെ തലേദിവസം പെരിഞ്ഞനം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ വൈകീട്ട് ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് ബഹളം അരങ്ങേറിയത്. ജില്ലാ സെക്രട്ടേറിയേറ്റിലെ മുതിര്‍ന്ന അംഗം അമ്പാടി വേണു, ഏരിയ സെക്രട്ടറി പി.കെ. ചന്ദ്രശേഖരന്‍ എന്നിവരാണ് ജില്ലാ കമ്മിറ്റി തീരുമാനം യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ വലിയ ബഹളം ഉയരുകയും മുതിര്‍ന്ന നേതാക്കളെ പൂട്ടിയിടുകയും ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഏഴ് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ മുദ്രാവാക്യം വിളികളോടെ ഇറങ്ങിപ്പോവുകയായിരുന്നു. ഇതിനിടയില്‍ തീരുമാനത്തെ അനുകൂലിച്ച ഒരു ലോക്കല്‍ കമ്മിറ്റി അംഗത്തിന് മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു.
ഈ സമയം പാര്‍ട്ടി ഓഫിസിന് ചുറ്റും വലിയ സംഘം പൊലിസും നൂറ്കണക്കിന് ജനങ്ങളും തടിച്ചുകൂടിയിരുന്നു. ഇറങ്ങിപ്പോയവര്‍ പഞ്ചായത്തംഗങ്ങളെ മറ്റ് സ്ഥലത്ത് വിളിച്ചുവരുത്തി തെരഞ്ഞെടുപ്പില്‍ ലോക്കല്‍ കമ്മിറ്റി പറയുന്നയാള്‍ക്ക് വോട്ട് ചെയ്യണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പ് നടന്നാല്‍ ലോക്കല്‍ കമ്മിറ്റി നിര്‍ദേശിക്കുന്നയാള്‍ വിജയിക്കുമെന്ന് ഉറപ്പായതോടെ ജില്ലാ കമ്മിറ്റിയും, ഏരിയ കമ്മിറ്റിയും തെരഞ്ഞെടുപ്പിന് ഒരു മണിക്കൂര്‍ മുമ്പ് മുന്‍ നിശ്ചയിച്ച തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയും ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചയാളെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ. അബീദലി, ടി.കെ. രമേഷ്ബാബു, കെ.ആര്‍. ജൈത്രന്‍, ഒ.എ. സുകുമാരന്‍ എന്നിവരെ ഏരിയ കമ്മിറ്റി ചുമതലപ്പെടുത്തി. പെരിഞ്ഞനത്ത് നടന്ന സംഭവവികാസങ്ങള്‍ ഇത് സി.പി.എമ്മിന് പ്രദേശത്ത് വലിയ ക്ഷീണമുണ്ടാക്കിയെന്നും അന്വേഷണ കമ്മീഷണന്‍ വിലയിരുത്തി. കടുത്ത അച്ചടക്ക നടപടികളാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തതെന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."