നേട്ടങ്ങളുടെ നിര്‍വൃതിയോടെ സി.എന്‍ സത്യന്‍ പടിയിറങ്ങുന്നു
ശ്രീകൃഷ്ണപുരം: സംസ്ഥാനത്തെ മികച്ച പഞ്ചായത്തായ ശ്രീകൃഷ്ണപുരത്തെ പ്രശസ്തിയിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച പഞ്ചായത്ത് സെക്രട്ടറി സി.എന്‍ സത്യന്‍ വിരമിക്കുന്നു. സംസ്ഥാനത്തെ മികച്ച പഞ്ചായത്ത് സെക്രട്ടറിയായാണ് വിരമിക്കുന്നത്.
ശ്രീകൃഷ്ണപുരം പഞ്ചായത്തിന്റെ വികസന തേരോട്ടത്തിന്റെ പിന്നിലുള്ള ചാലക ശക്തി സി.എന്‍ സത്യനാണെന്ന് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതി ജീവനക്കാരെയും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെയും യോജിപ്പിച്ചു കൊണ്ടു പോകാന്‍ കഴിഞ്ഞതും ജനങ്ങളോടുള്ള സൗഹാര്‍ദപരമായ പെരുമാറ്റവുമാണ് സി.എന്‍.സത്യന്റെ വിജയരഹസ്യം. സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി എട്ട് പ്രാവശ്യം നേടിയപ്പോഴും സെക്രട്ടറി സത്യന്‍ ആയിരുന്നു.
മൂന്നു തവണ ജില്ലയിലെ മികച്ച സെക്രട്ടറി അവാര്‍ഡും സംസ്ഥാനത്തെ മികച്ച പഞ്ചായത്ത് സെക്രട്ടറി പദവിയും ലഭിച്ചിട്ടുണ്ട്.
1986ല്‍ തൃക്കടീരി പഞ്ചായത്തില്‍ എല്‍.ഡി ക്ലര്‍ക്കായാണ് ഉദ്യോഗ ജീവിതം ആരംഭിക്കുന്നത്. 1991 മുതല്‍ 2003 വരെ യു.ഡി ക്ലര്‍ക്ക് ആയി ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ ജോലി ചെയ്തു. 2003- 07 വരെ ജോലി പൂക്കോട്ടുകാവ് പഞ്ചായത്തിലായിരുന്നു. 2007-10 വരെ ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ സെക്രട്ടറി ആയി ജോലി ചെയ്തു. 2011 ല്‍ മലപ്പുറത്തു ഓഡിറ്റ് സൂപ്പര്‍ വൈസര്‍ ആയി. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ശ്രീകൃഷ്ണപുരത്ത് ജോലിയിലേക്ക് തിരികെ വന്നു.
സംസ്ഥാനത്തെ മികച്ച പഞ്ചായത്ത്, ജില്ലയിലെ മികച്ച പഞ്ചായത്ത്, നല്ല നാട് പുരസ്‌കാരം, ആരോഗ്യ കേരളം പുരസ്‌കാരം, നിര്‍മല്‍ പുരസ്‌കാരം, കുടുംബശ്രീ റിയാലിറ്റിഷോ പുരസ്‌കാരം എന്നിവ സത്യന് കീഴില്‍ ശ്രീകൃഷ്ണപുരം പഞ്ചായത്ത് നേടിയിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിലെ പഞ്ചായത്തുകളിലെ പഠന സംഘങ്ങള്‍ മാതൃക പഠനങ്ങള്‍ക്ക് വിധേയമാക്കുന്നതും ശ്രീകൃഷ്ണപുരം പഞ്ചായത്തിനെ ആണ്.
പഞ്ചായത്തിലെ മണ്ണമ്പറ്റ സ്വദേശിയായ സത്യന്‍ സി.എന്‍.ആര്‍ ഗുപ്തന്റെയും കുഞ്ഞു മാളുവിന്റേയും മകന്‍ ആണ്. ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഗീതയാണ് ഭാര്യ. സന്ദീപ് (മര്‍ച്ചന്റ് നേവി എന്‍ജിനീയര്‍), നീതു (ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയര്‍ കോളജ് വിദ്യാര്‍ഥി) മക്കള്‍ ആണ്. ഈ മാര്‍ച്ച 31 നു വിരമിക്കുന്ന സത്യന് ഔദ്യോഗിക യാത്രയയപ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് ഭരണ സമിതിയും ജീവനക്കാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."