പൊലിസിന്റെ വീഴ്ചകള്‍ സമൂഹത്തില്‍ ഭീതി ജനിപ്പിക്കുന്നു: മന്ത്രി ശശീന്ദ്രന്‍
ഇരിങ്ങല്‍ (വടകര): പൊലിസിന്റെ വീഴ്ചകള്‍ സമൂഹത്തില്‍ ഭീതി ജനിപ്പിക്കുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. കേരള പൊലിസ് അസോസിയേഷന്‍ 34-ാം സംസ്ഥാന സമ്മേളനം ഇരിങ്ങല്‍ സര്‍ഗാലയയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലിസിലും കോടതിയിലുമുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നുണ്ടെന്ന തോന്നല്‍ ശക്തിപ്പെടുന്ന കാലമാണിത്. അതിനാല്‍ നേരിയ പാളിച്ചകള്‍പോലും സമൂഹം ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്.
ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ പൊലിസ് സേനക്ക് കഴിയണം. പൊലിസ് ജനങ്ങളുടെ സേവകരായി മാറണമെന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിനോട് പൊരുത്തപ്പെടാത്തവിധം എന്തെങ്കിലും പ്രവര്‍ത്തനങ്ങളുണ്ടോയെന്ന് പരിശോധിക്കണം. തിരുത്തലുകളോടെ മുന്നോട്ടുപോയാല്‍ സമൂഹത്തെയും സേനയെയും നവീകരിക്കാന്‍ കഴിയും. ഇതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് ടി.എസ് ബൈജു അധ്യക്ഷനായി. സി.കെ നാണു എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഡി.ജി.പി മുഹമ്മദ് യാസിന്‍, കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായ, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ.ജി ദിനേന്ദ്ര കശ്യപ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഷാജി സംസാരിച്ചു. സംസ്ഥാന ജന. സെക്രട്ടറി പി.ജി അനില്‍കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എസ്. ഷൈജു വരവുചെലവ് കണക്കും അവതരിപ്പിച്ചു. സ്ഥാനക്കയറ്റം ലഭിച്ച അംഗങ്ങള്‍ക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉപഹാരങ്ങള്‍ നല്‍കി. മൂന്നുദിവസത്തെ സമ്മേളനത്തിന്റെ ഭാഗമായി 'മാറുന്ന കേരളം, മാറേണ്ട പൊലിസ് ' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഇന്ന് സാംസ്‌കാരിക സമ്മേളനവും കവി സമ്മേളനവും നടക്കും. നാളെ രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. സന്തോഷ് ട്രോഫി വിജയത്തില്‍ മുഖ്യ പങ്കുവഹിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഉപഹാരങ്ങള്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ വിതരണം ചെയ്യും. വൈകിട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."