ധനകാര്യ കമ്മിഷന്‍ പരിഗണനാവിഷയങ്ങള്‍ സംസ്ഥാനത്തിന് എതിരെന്ന് സര്‍വകക്ഷി യോഗം
തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ പരിഗണനാവിഷയങ്ങള്‍ സംസ്ഥാനത്തിന് എതിരെന്ന് സര്‍വകക്ഷി യോഗം. സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യത്തിനു വിരുദ്ധമായ നിര്‍ദേശങ്ങളില്‍ ഭേദഗതിവരുത്താന്‍ ധനകാര്യ കമ്മിഷന് നിവേദനം നല്‍കുന്നതില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് ഇതുസംബന്ധിച്ചു ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ വിവിധ കക്ഷികള്‍ അറിയിച്ചു.
കേരളത്തിന്റെ പൊതുവായ കാര്യങ്ങളില്‍ രാഷ്ട്രീയ കക്ഷികളെല്ലാം ഒന്നിച്ചുനില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. കമ്മിഷന്റെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന് വലിയ ആശങ്കയുളവാക്കുന്നു. നിര്‍ദേശങ്ങള്‍ അതേപോലെ പ്രാവര്‍ത്തികമായാല്‍ സംസ്ഥാനത്തിനു വലിയ നഷ്ടം നേരിടേണ്ടിവരും. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വരുമാനം 42 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി വര്‍ധിപ്പിക്കണമെന്ന ആവശ്യം കമ്മിഷനു മുന്നില്‍ ഉന്നയിക്കണം. കേരളത്തിന്റെ നികുതിവിഹിതം നിലവില്‍ 2.5 ശതമാനമാണ്. ഇത് പത്താം കമ്മിഷന്റെ കാലയളവില്‍ മൂന്നര ശതമാനമായിരുന്നു. അതിനുശേഷം ക്രമാനുഗതമായി കുറഞ്ഞുവന്നു. 13ാം കമ്മിഷന്റെ കാലയളവില്‍ ഇത് 2.34 ശതമാനമായി താഴ്ന്നു. കമ്മിഷന്റെ പരിഗണനാവിഷയങ്ങള്‍ എന്തായാലും കഴിഞ്ഞ കമ്മിഷന്‍ അനുവദിച്ച വിഹിതത്തേക്കാള്‍ കുറയരുതെന്നു നിവേദനത്തിലൂടെ അഭ്യര്‍ഥിക്കണം. വിഹിതം കുറയാത്ത തരത്തിലുള്ള ഒരു സൂത്രവാക്യം കമ്മിഷനുമുന്നില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2011 സെന്‍സസ്‌നില വച്ചുള്ള 15ാം കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പായാല്‍ സംസ്ഥാനത്തിന്റെ നികുതിവിഹിതം 2.5 ശതമാനത്തില്‍നിന്ന് 1.8 ശതമാനമായി കുറയുമെന്നും അടുത്ത ധനകാര്യ കമ്മിഷന്‍ അനുവദിക്കേണ്ട തുകയില്‍നിന്ന് 45,000 കോടി രൂപ കുറയുമെന്നും ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. ഇതിനുപുറമെയാണ് വായ്പാ പരിധി മൂന്നില്‍നിന്ന് 1.7 ആയി കുറയ്ക്കണമെന്നു റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശമുള്ളതെന്നും അദ്ദേഹം പറഞ്ഞു. കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധവും സംസ്ഥാനത്തിന്റെ ധനകാര്യം, വികസനം, പൊതുസര്‍വിസുകള്‍ എന്നിവയുടെ താല്‍പര്യങ്ങള്‍ക്ക് എതിരുമായതിനാല്‍ കോണ്‍ഗ്രസ് അവയെ ശക്തിയുക്തം എതിര്‍ക്കുമെന്ന് കെ.പി.സി.സി ജന. സെക്രട്ടറി തമ്പാനൂര്‍ രവി പറഞ്ഞു.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, എളമരം കരീം (സി.പി.എം), പ്രകാശ് ബാബു (സി.പി.ഐ), കെ.വി മനോജ് കുമാര്‍ (കോണ്‍ഗ്രസ് എസ്), ഡോ. പി.പി വാവ, ജയരാജ് കൈമള്‍ (ബി.ജെ.പി), സി.പി ജോണ്‍ (സി.എം.പി), കെ. കൃഷ്ണന്‍കുട്ടി (ജനതാദള്‍ എസ്), കടകംപള്ളി സുകു (എന്‍.സി.പി), പി.സി ജോര്‍ജ് (കേരള ജനപക്ഷം), സി. വേണുഗോപാലന്‍നായര്‍ (കേരളാ കോണ്‍ഗ്രസ്- ബി) തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. മെയ് 28ന് കമ്മിഷന്‍ കേരളം സന്ദര്‍ശിക്കും. 28ന് തിരുവനന്തപുരത്ത് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും. 29ന് രാവിലെ സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തിയശേഷം ഉച്ചയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികളെ കാണും. 30ന് തൃശൂരില്‍ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."