ലൈംഗിക പീഡന പരാതി: കോടതികളില്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യംചെയ്യാനായി എല്ലാ ഹൈക്കോടതികളിലും ജില്ലാ കോടതികളിലും പ്രത്യേക സമിതി രൂപീകരിക്കാന്‍ സുപ്രിം കോടതി ഉത്തരവ്. രണ്ടുമാസത്തിനകം സെക്ഷ്വല്‍ ഹരാസ്‌മെന്റ് കംപ്ലൈന്‍ഡ് കമ്മിറ്റി രൂപീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ മൂന്നംഗബെഞ്ച് ഉത്തരവിട്ടു. ഈ മാസം നാലിന് ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയിലെ അഭിഭാഷകര്‍ വനിതാ അഭിഭാഷകയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഹൈക്കോടതിക്കാണ് ഇത്തരത്തില്‍ സമിതി രൂപീകരിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കിയത്. ഒപ്പം തന്നെ മറ്റു ഹൈക്കോടതികളെയും ജില്ലാ കോടതികളെയും കൂടി ഉത്തരവിന്റെ ഭാഗമാക്കുകയായിരുന്നു.
വനിതാ അഭിഭാഷകയുടെ പരാതി അന്വേഷിക്കാന്‍ ഡല്‍ഹി ക്രൈംബ്രാഞ്ചിനു നിര്‍ദേശം നല്‍കിയ സുപ്രിം കോടതി കേസ് പട്യാല ഹൗസ് കോടതിയിലേക്കു മാറ്റുകയും വിഷയത്തില്‍ ഇടപെടരുതെന്ന് അഭിഭാഷക സംഘടനകള്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് സുപ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചത്. 2013ല്‍ നിലവില്‍ വന്ന 'തൊഴിലിടങ്ങളിലെ പീഡനങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള' നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് സമിതി രൂപീകരിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
ഇത്തരത്തില്‍ രൂപീകരിക്കുന്ന സമിതികളില്‍ ക്രിമിനല്‍ കേസുകളില്‍ ആരോപണ വിധേയരായ ആളുകളെ ഉള്‍പ്പെടുത്തരുത്. ജൂലൈ അഞ്ചിന് വീണ്ടും കേസ് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."