ലൈംഗികാരോപണം: എസ്.പി മുന്‍മന്ത്രി ഗായത്രി പ്രജാപതി അറസ്റ്റില്‍
ലഖ്നൗ: ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ പോയിരുന്ന സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ ഗായത്രി പ്രജാപതിയെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ലഖ്നൗവില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
പ്രജാപതിയും ആറംഗ സംഘവും യുവതിയെ പീഡിപ്പിക്കുകയും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ ഇയാള്‍ക്കായി വ്യാപകമായ അന്വേഷണം നടത്തി വരികയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് ആറുപേരെ നേരത്തെതന്നെ പൊലിസ് പിടികൂടിയിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് ഗായത്രിക്കെതിരേ ആരോപണം ഉയര്‍ന്നത്. ഇതോടെ അമേത്തി മണ്ഡലത്തില്‍ മത്സരിച്ച ഇയാള്‍ക്ക് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഇദ്ദേഹത്തെ സംരക്ഷിച്ചതിനാലാണ് പിടികൂടാന്‍ വൈകിയതെന്ന ആരോപണം മുന്‍മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവ് തള്ളി. ഗായത്രിയെ പാര്‍ട്ടി സംരക്ഷിച്ചിട്ടില്ലെന്ന് എസ്.പി ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവ് പറഞ്ഞു. അതേസമയം തന്നെ പൊലിസ് അറസ്റ്റ് ചെയ്തതല്ലെന്നും താന്‍ കീഴടങ്ങുകയായിരുന്നുവെന്നുമാണ് ഗായത്രി പറഞ്ഞത്. തനിക്കെതിരായി ഉയര്‍ന്ന ആരോപണം ശരിയല്ലെന്നും താന്‍ നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."