മൂന്നാം ടെസ്റ്റ് ഇന്നു മുതല്‍ പോരാട്ടത്തിന് ചൂടേറും
റാഞ്ചി: ധോണിയുടെ നാട്ടില്‍ ഇന്ത്യന്‍ ടീം ഇന്ന് ആസ്‌ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിറങ്ങും. മുന്‍ നായകന്‍ ടീമിലില്ലെങ്കിലും ബംഗളൂരുവില്‍ നേടിയ അവിസ്മരണീയ വിജയം തുടരാന്‍ തന്നെയാണ് ടീം കളത്തിലിറങ്ങുന്നത്. അതേസമയം രണ്ടാം ടെസ്റ്റില്‍ ഉണ്ടായ വിവാദങ്ങള്‍ ടീമിനെ ഇപ്പോഴും വിട്ടൊഴിയാത്ത സാഹചര്യത്തില്‍ പോരാട്ടത്തിന് ചൂടേറും.
എന്നാല്‍ ഇരുടീമുകളെയും സംബന്ധിച്ച് ഇപ്പോഴത്തെ പ്രശ്‌നം ബാറ്റിങാണ്. കഴിഞ്ഞ മത്സരത്തില്‍ പരമാവധി പിടിച്ചു നിന്നെങ്കിലും വലിയൊരു സ്‌കോര്‍ നേടാന്‍ ടീമിന് സാധിച്ചിട്ടില്ല. രണ്ടാം ഇന്നിങ്‌സില്‍ ബൗളര്‍മാരുടെ മികവു കൊണ്ടു മാത്രമാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. എല്ലാ സമയത്തും ഈ തന്ത്രം ഫലിക്കണമെന്നില്ല. ആസ്‌ത്രേലിയയുടെ സ്പിന്നര്‍മാരായ സ്റ്റീവ് ഒക്കീഫിനെയും നഥാന്‍ ലിയോണിനെയും എങ്ങനെ കളിക്കണമെന്നത് സംബന്ധിച്ച് ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ചു നിന്നത്. മറ്റുള്ളവരൊന്നും മികവിലേക്കുയര്‍ന്നിട്ടില്ല.
ടീമിനെ മുന്നില്‍ നിന്ന് നയിക്കേണ്ട നായകന്‍ കോഹ്‌ലിക്ക് കളി നാലു ഇന്നിങ്‌സിലും പരാജയമാണ്. അതോടൊപ്പം ക്യാപ്റ്റന്‍സിയില്‍ ദീര്‍ഘ വീക്ഷണമില്ലാത്തതും തിരിച്ചടിയായത്. വിക്കറ്റ് വീഴ്ത്തി കൊണ്ടിരിക്കുമ്പോഴും രവീന്ദ്ര ജഡേജയെ മാറ്റി ഇഷാന്ത് ശര്‍മയെ പരീക്ഷിച്ചത് ദീര്‍ഘവീക്ഷണമില്ലായ്മയാണ്. റാഞ്ചിയില്‍ താരം ഇതിനെ മറികടക്കുമെന്നാണ് പ്രതീക്ഷ.
ഓപണിങ് സ്ഥാനത്തേക്ക് അഭിനവ് മുകുന്ദിന് പകരം മുരളി വിജയ് തിരിച്ചെത്തും. എന്നാല്‍ കരുണ്‍ നായരെ മാറ്റാന്‍ സാധ്യതയില്ല. ആസ്‌ത്രേലിയന്‍ നിരയില്‍ പല താരങ്ങളും പരുക്കിന്‍ പിടിയിലാണ്. തോളിനേറ്റ പരുക്കിനെ തുടര്‍ന്ന് മിച്ചല്‍ സ്റ്റാര്‍ക് നാട്ടിലേക്ക് മടങ്ങി കഴിഞ്ഞു. പാറ്റ് കമ്മിന്‍സാണ് പകരക്കാരന്‍. ആറാം സ്ഥാനത്തേക്ക് ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ടീം പരിഗണിക്കുന്നുണ്ട്. അതേസമയം റാഞ്ചിയിലെ പിച്ച് പേസിനെയും സ്പിന്നിനെയും പിന്തുണയ്ക്കുന്നതാണെന്ന് ക്യൂറേറ്റര്‍മാര്‍ സൂചിപ്പിച്ചു.
ചിന്നസ്വാമിക്കും ഐ.സി.സിയുടെ മോശം സര്‍ട്ടിഫിക്കറ്റ്
ബംഗളൂരു: ഇന്ത്യ-ആസ്‌ത്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നടന്ന ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ചിനും ഐ.സി.സിയുടെ മോശം സര്‍ട്ടിഫിക്കറ്റ്. ശരാശരിയിലും താഴെ മാത്രമാണ് പിച്ചിന്റെ നിലവാരണമെന്ന് ഐ.സി.സിക്കയച്ച റിപ്പോര്‍ട്ടില്‍ മാച്ച് റഫറി ക്രിസ് ബോര്‍ഡ് കുറ്റപ്പെടുത്തി. നേരത്തെ പൂനെ പിച്ചിനും മാച്ച് റഫറി മോശം സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.
ചിന്നസ്വാമിയിലെ ഔട്ട് ഫീല്‍ഡിനെ നേരത്തെ ഐ.സി.സി പ്രശംസിച്ചിരുന്നു. അതേസമയം മാച്ച് റഫറി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇന്ത്യക്കെതിരേ നടപടിയുണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."