ഫാത്തിമയിലെ വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പായി
കൊല്ലം: ഫാത്തിമാ കോളജില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കോളജ് യൂനിയന്റെ നേതൃത്വത്തില്‍ നടന്ന സമരം ഒത്തുതീര്‍പ്പായി. കോളജിലെ പെണ്‍കുട്ടികളുടെ തടവറയെന്ന് അറിയപ്പെടുന്ന ക്വാഡ്രാംഗിള്‍ സംവിധാനം ഇനി മുതല്‍ വേണ്ടെന്ന് മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി. വിദ്യാര്‍ഥികള്‍ മുന്നോട്ടു വച്ച പതിനാല് ആവശ്യങ്ങളില്‍ ഭൂരിഭാഗവും കോളജില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിയമങ്ങളാണെന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്. വിദ്യാര്‍ഥി സമരം ശക്തമായതോടെയാണ് മാനേജ്‌മെന്റിന്റെ നിലപാടില്‍ അയവുണ്ടായത്.
ഇന്നലെ രാവിലെ മാനേജ്‌മെന്റ് പ്രതിനിധികള്‍ കോളജ് യൂണിയന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ചേര്‍ന്ന പി.ടി.എ ജനറല്‍ ബോഡി യോഗത്തിലും വിദ്യാര്‍ഥികളുടെ വികാരം തന്നെ രക്ഷാകര്‍ത്താക്കള്‍ പങ്കുവച്ചതോടെയാണ് മാനേജ്‌മെന്റ് അയഞ്ഞത്. കോളജ് യൂണിയന്‍ ഭാരവാഹികളെ പി.ടി.എ ജനറല്‍ ബോഡി യോഗത്തിലേക്ക് വിളിപ്പിച്ചാണ് ആവശ്യങ്ങള്‍ അംഗീകരിച്ചതായി അറിയിച്ചത്. കമ്പ്യൂട്ടറൈസ്ഡ് അറ്റന്‍ഡന്‍സിന്റെ അപാകതകള്‍ പരിഹരിക്കും. അനാവശ്യ ഫീസുകള്‍ ഈടാക്കില്ല. കോളേജിന് പുറത്തേക്ക് പോകുന്നതിനുള്ള നിബന്ധനകളില്‍ ഇളവ് അനുവദിക്കും. കാന്റീനില്‍ ലിംഗ വിവേചനം ഉണ്ടാകില്ല എന്ന ഉറപ്പും കോളജ് അധികൃതര്‍ നല്‍കി. തിങ്കളാഴ്ച മുതലാണ് കോളജിലെ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി 14 ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല സമരം അരംഭിച്ചത്. ഇന്നലെ ഒത്തുതീര്‍പ്പായില്ലെങ്കില്‍ കോളജിന് മുന്നില്‍ പന്തല്‍ കെട്ടി രാപ്പകല്‍ സമരം ആരംഭിക്കാനായിരുന്നു വിദ്യാര്‍ഥികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."