ആനക്കാട് കോളനിക്കാരുടെ കുടിവെള്ളത്തിനായുള്ള നെട്ടോട്ടം തുടരുന്നു
മേപ്പാടി: കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സമഗ്ര കോളനി വികസന പദ്ധതിയില്‍ ഒരു കോടി രൂപയോളം ചെലവഴിച്ച ആനക്കാട് കോളനിയില്‍ കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടത്തിലാണ്. കോളനിയുടെ സമഗ്ര പുരോഗതി ലക്ഷ്യം വച്ച് വിവിധ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. എന്നാല്‍ കോളനിയിലെ പ്രധാന പ്രശ്നമായ കുടിവെള്ള പദ്ധതിക്കായി ഒരു രൂപ പോലും ചെലവഴിച്ചില്ല.
28 കുടുംബങ്ങളാണ് ഈ കോളനിയില്‍ ആകെയുള്ളത്. ഒന്നോ രണ്ടോ വീടൊഴികെ എല്ലാ വീടുകളും കുന്നിന് മുകളിലാണ്. ഒരു വീട്ടില്‍ പോലും വെള്ളം എത്തുന്നില്ല. ലക്ഷങ്ങള്‍ മുടക്കിയ കുടിവെള്ള പദ്ധതി കോളനിയില്‍ നടപ്പാക്കിയെങ്കിലും ഈ പദ്ധതിയില്‍നിന്നും ഒരു തുള്ളി ജലം പോലും കോളനിക്കാര്‍ക്ക് ലഭിച്ചിട്ടില്ല. അശാസ്ത്രീയമായ നിര്‍മാണമാണ് പദ്ധതി മുടങ്ങാന്‍ കാരണം.
എട്ട് വര്‍ഷം മുന്‍പാണ് കിണറും ടാങ്കും പമ്പ് ഹൗസും നിര്‍മിച്ചത്. കുന്നിന്മുകളിലെ ടാങ്കിലേക്ക് വെള്ളം കയറാതായതോടെ പദ്ധതി ഉപേക്ഷിച്ചു.
എ.ടി.എസ്.പിയില്‍ ഒരു കോടി രൂപയായിരുന്നു ഈ കോളനിയില്‍ അനുവദിച്ചത്. ഇതില്‍ നാല് വീടുകള്‍ നിര്‍മിക്കുകയും നടപ്പാത അടക്കമുള്ള ചില നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുകയും ചെയ്തു. എന്നാല്‍ പ്രധാന ആവശ്യമായ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി ഒന്നും ചെലവഴിയില്ല.
ഇപ്പോള്‍ ഗ്രാമപഞ്ചായത്ത് മൂന്ന് ലക്ഷം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും കുറഞ്ഞ തുക കൊണ്ട് ക്ഷാമം അകറ്റാന്‍ കഴിയില്ലെന്ന് കോളനിക്കാര്‍ പറയുന്നു. ആറ് കോടി രൂപയാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ആറ് കോളനികള്‍ക്കായി അനുവദിച്ചത്. ഇതില്‍ നാല് കോടി മാത്രമെ ചെലവഴിക്കാനായുള്ളു. ബാക്കിയുള്ള തുക ചെലവഴിച്ച് കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."