ഹാജര്‍ പുസ്തകത്തില്‍ പേരിനു നേര്‍ക്ക് ചുവപ്പുമഷി രേഖപ്പെടുത്തല്‍ പാടില്ല
ആലപ്പുഴ: പൊതുവിദ്യാലയങ്ങളില്‍ ഹാജര്‍ പുസ്തകത്തില്‍ പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ പേരിനുനേരേ ചുവപ്പു മഷി ഉപയോഗിച്ച് രേഖപ്പെടുത്തലുകള്‍ നടത്തരുതെന്ന് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അഡ്വ. യു. പ്രതിഭാഹരി എം.എല്‍.എ. മുഖേന കായംകുളം വിഠോബ ഹൈസ്‌കൂളിലെ ഗാന്ധിദര്‍ശന്‍ യൂണിറ്റിലെ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രി നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്. കേരള വിദ്യാഭ്യാസചട്ടത്തില്‍ ഹാജര്‍ പുസ്തകത്തെപ്പറ്റി പ്രതിപാദിക്കുന്ന ഒരിടത്തും ചുവപ്പു മഷി ഉപയോഗിച്ചുള്ള രേഖപ്പെടുത്തലിനെക്കുറിച്ച് സൂചിപ്പിക്കുന്നില്ല.
വിവിധ ധനസഹായത്തിന് അര്‍ഹരാകുന്ന വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനായാണ് ചുവന്നമഷിക്ക് അടയാളപ്പെടുത്തുന്നതെങ്കിലും ഇത് വിദ്യാര്‍ഥികളില്‍ വേര്‍തിരിവു സൃഷ്ടിക്കുന്നുവെന്നും നടപടി ആവര്‍ത്തിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തമെന്നും സര്‍ക്കുലറിലുണ്ട്. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകുന്ന വിദ്യാര്‍ഥികളുടെ പേരിനു നേര്‍ക്ക് ചുവന്നമഷിയില്‍ അടയാളപ്പെടുത്തുന്നത് മാനസികമായി തളര്‍ത്തുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്നുമാണ് വിദ്യാര്‍ഥികള്‍ നിവേദനത്തിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."