നടപ്പു സാമ്പത്തിക വര്‍ഷം പകുതി പോലും ചെലവഴിച്ചില്ല, ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ 76.62 കോടി കുറഞ്ഞു
കാക്കനാട്: ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ ഇത്തവണ മുന്‍ വര്‍ഷത്തേക്കാള്‍ 76.62 കോടി രൂപ കുറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം പദ്ധതി തുക പകുതി പോലും ചെലവഴിക്കാതിരുന്നതാണ് ജില്ലാപഞ്ചായത്തിന്റെ വിഹിതം ഗണ്യമായി കുറയാന്‍ ഇടയാക്കിയത്.
ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജില്ലാ പഞ്ചായത്ത് വെറും 33 ശതമാനം തുക മാത്രമാണ് ചെലവഴിക്കാനായത്. 2016 17 സാമ്പത്തിക വര്‍ഷം 281.35 കോടിയുടെ പദ്ധതി വിഹിതമാണ് ജില്ല പഞ്ചായത്ത് പദ്ധതിയില്‍ വകയിരുത്തിയിരുന്നത്. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം 204.72 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം. പട്ടിക വിഭാഗ ക്ഷേമ പദ്ധതി തുകയും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 1.78 കോടി പദ്ധതി കുറഞ്ഞു.
ജില്ല, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് തനത് വരുമാനം ഇല്ലാത്ത സ്ഥിതിക്ക് സര്‍ക്കാറിന്റെ പദ്ധതി വിഹിതം മാത്രമാണ് ആശ്രയം. വികസനഫണ്ട്, ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ട്, മെയിന്റനന്‍സ് ഗ്രാന്റ്, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, സ്ഥിരനിക്ഷേപം, വാട്ടര്‍റിച്ച് പ്രോജക്ട് എന്നിവയും മുന്‍ നീക്കിയിരുപ്പും അടങ്ങുന്നതാണ് ഈ വര്‍ഷവും കണക്കാക്കുന്ന വരവ്. പട്ടിക ജാതി,വര്‍ഗ ക്ഷേമത്തിനായി 15.67 കോടി രൂപയാണ് വിവിധ പദ്ധതികള്‍ക്കായി വകയിരുത്തിയിട്ടുള്ളത്. വികസനം, പൊതുമരാമത്ത്, സാമൂഹിക നീതി, വിദ്യാഭ്യാസം, ആരോഗ്യം, വനിത വികസനം തുടങ്ങി ഏഴ് മേഖലകളിലായി വകയിരുത്തിയിട്ടുള്ളതില്‍ ഇത്തവണ വിദ്യാഭ്യാസത്തിനാണ് ഏറ്റവും കൂടുതല്‍, 74.54 കോടി.
വിദ്യാഭ്യസത്തിന് വകയിരുത്തിയതിനേക്കാള്‍ കൂടുതല്‍ തുക പദ്ധതി വിഹിതം ചെലഴിക്കാത്തത് കൊണ്ട് മാത്രം ലാപ്‌സായിട്ടുണ്ട്. 80 ശതമാനമമെങ്കിലും ചെലവഴിച്ചിരുന്നുവെങ്കില്‍ കോടികള്‍ ലാപ്‌സാകില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സ്ഥിതിയില്‍ ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതങ്ങളും കുറയുമെന്നാണ് സൂചന. പ്ലാനിങ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും പദ്ധതി തുകയുടെ പകുതി പോലും ചെലവഴിക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."