പെരിങ്ങോട്ടുകരയിലെ മോഷണ പരമ്പര; മോഷ്ടാക്കളെ പിടിക്കാനാകാതെ പൊലിസ്
തൃപ്രയാര്‍: നാട്ടുകാരുടെ ഉറക്കം കെടുത്തി പെരിങ്ങോട്ടുകരയില്‍ മോഷണ പരമ്പര അരങ്ങേറുമ്പോളും മോഷ്ടാക്കളെ പിടികൂടാനാകാതെ പൊലിസ് കുഴങ്ങുന്നു. മോഷ്ടാക്കളെ പിടിക്കാന്‍ സ്‌ക്വാഡുമായി നാട്ടുകാര്‍ രംഗത്ത്. പെരിങ്ങോട്ടുകരയില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചതോടെ ജനങ്ങള്‍ ഏറെ ഭീതിയോടെയാണ് കഴിയുന്നത്.
വീട് കുത്തിത്തുറന്ന് വീട്ടുകാരെ ആക്രമിച്ചുള്ള മോഷണം ജനങ്ങളുടെ ഉറക്കം കെടുത്തിയിരിക്കയാണിപ്പോള്‍. ഫെബ്രുവരി 27നാണ് പെരിങ്ങോട്ടുകര സഹോദര വീഥിയില്‍ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ അകത്ത് കയറി വീടിന്റെ തളത്തില്‍ ഉറങ്ങിയിരുന്ന ദമ്പതിമാരെ ആക്രമിച്ച് രണ്ടര പവന്‍ മാല കവര്‍ന്നത്.
മോഷണശ്രമത്തെ ചെറുത്ത ദമ്പതിമാരെ മോഷ്ടാക്കള്‍ കൈയില്‍ കരുതിയിരുന്ന വടി കൊണ്ട് അടിച്ചു. സംഭവത്തില്‍ ചുള്ളിപറമ്പില്‍ മുരളി , ഭാര്യ സിന്ധു എന്നിവര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും സിന്ധുവിന്റെ നാലര പവന്റെ മാലയുടെ പകുതി കവരുകയും ചെയ്തു. ഈ സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് തൊട്ടടുത്തുള്ള ചെമ്മാപ്പിള്ളിയില്‍ സമാന രീതിയില്‍ മറ്റൊരു മോഷണം അരങ്ങേറിയത്. ഇവിടെയും പിറകുവശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ തളത്തില്‍ കിടന്നുറങ്ങിയിരുന്ന വിയ്യത്ത് ശിവദാസിന്റെ ഭാര്യ സിനി, അമ്മ പ്രസന്ന എന്നിവരെ ആക്രമിച്ചു. ഇവരുടെ നാലര പവന്റെ ആഭരണങ്ങള്‍ കവരുകയും ചെയ്തു.
ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വസ്ത്രത്തിന്റെ മണം പിടിച്ച് പൊലിസ് നായ ഡോണ ഒരു കിലോമീറ്ററിലധികം പ്രധാന റോഡിലൂടെ ഓടി ആളൊഴിഞ്ഞ വീടിന്റെ പിറകിലാണ് നിന്നത്. ഇവിടെ നിന്നു നഷ്ടപ്പെട്ട ബാഗും വീട്ടുകാരുടെ തിരിച്ചറിയല്‍ രേഖകളും പൊലിസ് കണ്ടെടുത്തു.
രണ്ട് സ്ഥലങ്ങളിലും മോഷണം നടത്താന്‍ രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വീടും പരിസരവും വ്യക്തമായി മനസിലാക്കിയവര്‍ തന്നെയാണ് രണ്ട് മോഷണത്തിനു പിന്നിലും പ്രവര്‍ത്തിച്ചിട്ടുള്ളതെന്നാണ് പൊലിസിന്റെ നിഗമനം.
അതിനിടെ മോഷണം ചെറുക്കാന്‍ ബഹുജനജാഗ്രതാ സമിതി ഉണ്ടാക്കിയ അന്ന് തന്നെ വീണ്ടും മോഷണം ഉണ്ടായത് ജനങ്ങളില്‍ ഭീതി ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം ആദ്യ മോഷണം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുന്നതിനിടെ മറ്റൊരു മോഷണം നടന്നത് പൊലിസിനും തലവേദനയായിരിക്കുകയാണ്. മോഷ്ടാക്കള്‍ ക്കെതിരെ വേണ്ടത്ര ജാഗ്രത പൊലിസെടുക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. അന്വേഷണം നടത്താന്‍ അന്തിക്കാട് സ്റ്റേഷനില്‍ വേണ്ടത്ര പൊലിസുകാരില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."