വേനല്‍ മഴ; വീട് തകര്‍ന്നു വീണു
വാടാനപ്പള്ളി: ശരീരം കാര്‍ന്നു തിന്നുന്ന വൃക്കരോഗത്തിനു ചികിത്സാ സഹായം തേടുന്നതിനിടെ അന്തിയുറങ്ങുന്ന കൂരയും അറക്കവീട്ടില്‍ നസീറിനു ഇല്ലാതായി. തളിക്കുളം വാര്‍ഡ് രണ്ടില്‍ ആലയില്‍ കോര്‍ണറിനു കിഴക്കാണ് നസീറിന്റെ വീട്. ഭാര്യ നബീസയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ തസ്‌ലീമയും ഉള്‍പ്പെട്ട കുടുംബത്തിന്റെ വീട് ഇന്നലെ രാവിലെ തകര്‍ന്നു വീഴുകയായിരുന്നു.
ദുരന്തത്തില്‍ നിന്ന് നസീറും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാവിലെ ഒന്‍പതിന് ഡയാലിസിസ് ചെയ്യാന്‍ പുറപ്പെടുമ്പോഴായിരുന്നു വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണത്. തുടര്‍ന്ന് ചുമരും തകര്‍ന്ന് നിലം പതിച്ചു. നസീര്‍ വീടിന്റെ ഹാളില്‍നിന്ന് മുറിയിലേയ്ക്ക് പോയ ഉടനെയായിരുന്നു അപകടം. മുറിയുടെ ചുമര്‍ തകര്‍ന്നെങ്കിലും മേല്‍ക്കൂരയുടെ ഒരു ഭാഗം തകരാതെ നിന്നതുകൊണ്ടാണു നസീര്‍ രക്ഷപ്പെട്ടത്.
ഉടനെ അയല്‍വാസിയായ യുവാവും ഓടിയെത്തി നസീറിനെ പെട്ടെന്ന് പുറത്തേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. ഭാര്യ നബീസ വീടിനു പുറകിലായിരുന്നു. പരീക്ഷയ്ക്ക് പോകാനായി വരാന്തയില്‍ ഇരിക്കുകയായിരുന്ന മകള്‍ തസ്‌ലീമ പുറത്തേയ്ക്ക് ഓടിയതിനാല്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍ മഴയില്‍ ഓട് കുതിര്‍ന്നതോടെ മേല്‍ക്കൂര ഇടിഞ്ഞതാണു വീട് തകരാന്‍ കാരണമെന്ന് കരുതുന്നു. പൂര്‍ണമായും തകര്‍ന്നതായി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് തളിക്കുളം വില്ലേജ് ഓഫിസര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
നാലു വര്‍ഷമായി വൃക്കരോഗത്തിനു ചികിത്സയിലാണു നസീര്‍. ആഴ്ചയില്‍ മൂന്ന് ദിവസം ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. കൂലിപ്പണിക്കാരനായിരുന്ന നസീറിനു ആകെയുള്ളത് എട്ട് സെന്റിലെ തകര്‍ന്നു വീണ വീട് മാത്രമാണ്.ഭാര്യ നബീസ മറ്റ് വീടുകളില്‍ പണിക്ക് പോയികിട്ടുന്ന ചെറിയ വരുമാനവും മറ്റുള്ളവരുടെ സഹായത്താലുമാണ് കുടുംബം ഒരുവിധം കഴിഞ്ഞു കൂടുന്നത്.
നാട്ടുകാരുടെയും ബന്ധുക്കളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താല്‍ ചികിത്സ തുടരുന്നതിനിടെയാണു ഉണ്ടായിരുന്ന വീടും നിലം പരിശായത്.അയല്‍ വാസിയുടെ ഷെഡ്ഡില്‍ താല്‍ക്കാലിക താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."