മേല്‍ക്കൂരയില്ലാത്ത വീട്ടില്‍ ദുരിത ജീവിതവുമായി ദമ്പതികള്‍
കയ്പമംഗലം: മേല്‍ക്കൂരയില്ലാതെ ദ്രവിച്ചു വീഴാറായ വീട്ടില്‍ കരുണക്ക് യാചിക്കുകയാണ് രോഗികളായ ദമ്പതികള്‍. കയ്പമംഗലം പഞ്ചായത്ത് 13ാം വാര്‍ഡില്‍ ബലിപ്പറമ്പ് കോളനി നിവാസികളായ മരത്തേഴത്ത് ദാസന്‍, പ്രസന്ന ദമ്പതികളാണ് ദുരിത ജീവിതം നയിക്കുന്നത്. 2009 ല്‍ പഞ്ചായത്ത് ഈ നിര്‍ധന കുടുംബത്തിന് കോളനിയില്‍ മൂന്നു സെന്റ് ഭൂമി അനുവദിച്ചു. ഇതില്‍ വീട് വയ്ക്കാനായി മതിലകം ബ്ലോക്കില്‍ നിന്ന് 90,000 രൂപയും പാസായി.
എന്നാല്‍, 80 ശതമാനം കാഴ്ചക്കുറവ് ബാധിച്ച പ്രസന്നയുടെ ചികിത്സക്കിടെ വീട് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. മഴക്കാലമായതോടെ ചുവരുകള്‍ മാത്രമുള്ള വീടിനു മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി താമസം തുടങ്ങി. വര്‍ഷംതോറും ഷീറ്റുകള്‍ മാറ്റുകയല്ലാതെ മേല്‍ക്കൂര നിര്‍മിക്കാന്‍ ഇതുവരെ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. സന്നദ്ധ സംഘടനകള്‍ ഇടപെട്ടാണ് കഴിഞ്ഞ തവണ മുകളില്‍ ഷീറ്റ് കെട്ടിക്കൊടുത്തത്.
ഇപ്പോഴിത് പൂര്‍ണമായി ദ്രവിച്ച അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയില്‍ വീടിനകം മുട്ടുവരെ വെള്ളത്തില്‍ മുങ്ങിയതോടെ ഇരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു ദമ്പതികള്‍. ഓല, പ്ലാസ്റ്റിക് ഷീറ്റ്, ഓട് ഇവകൊണ്ടുള്ള കൂരകളാണ് കോളനിയിലുള്ളത്. അതിനാല്‍ അടുത്ത വീടുകളില്‍ അഭയം തേടാന്‍ പോലും നിര്‍വാഹമില്ലെന്ന് കണ്ണീരോടെ പ്രസന്ന പറയുന്നു. കേവലം 400 ചതുരശ്ര അടി മാത്രം വിസ്തീര്‍ണമുള്ള വീടാണ് ഇവരുടേത്. മഴ നനഞ്ഞ് ആകെയുള്ള ചുവരുകൂടി ഇടിഞ്ഞു വീഴുമോ എന്ന ആധിയിലാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."