രാജ്യത്ത് വിശ്വാസികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം: ജിഫ്രി മുത്തുക്കോയ തങ്ങള്‍
ആലപ്പുഴ: രാജ്യത്ത് വിശ്വാസികള്‍ക്ക് സ്വന്തം സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത ആദര്‍ശ കാംപയിന്റെ ഭാഗമായുള്ള ദക്ഷിണ മേഖല പ്രവര്‍ത്തക സംഗമം ആലപ്പുഴ ഇര്‍ഷാദ് മസ്ജിദ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
വിശ്വാസികളുടെ ഈമാന്‍ തകര്‍ക്കാന്‍ ഛിദ്രശക്തികള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ വിശ്വാസികള്‍ ഈമാന്‍ ഊട്ടിഉറപ്പിക്കുകയെന്നതാണ്. മനസിനെ പവിത്രമാക്കി ദീനിന്റെ ആശയാദര്‍ശങ്ങള്‍ മുറുകെ പിടിക്കുക. സമസ്തയുടെ ശ്രേഷ്ഠരായ പണ്ഡിതന്മാര്ക്ക് ഇക്കാര്യത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഒരു സാധാരണ വിശ്വാസിക്ക് ദീനിന്റെ ശരിയായ വശങ്ങള് പഠിക്കുക അത്ര എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പണ്ഡിതന്മാര് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. നെല്ലും പതിരും വേര്‍തിരിച്ച് പൂര്വികന്മാര് കാണിച്ചു തന്ന മാര്‍ഗങ്ങളിലേക്ക് അവരെ കൈപിടിച്ചുയര്‍ത്തുകയാണ് ചെയ്യേണ്ടതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സ്വാഗത സംഘം ചെയര്മാന് സി.മുഹമ്മദ് അല്‍ഖാസിമി അധ്യക്ഷനായി. സയ്യിദ് ഹദിയത്തുല്ലാ തങ്ങള്‍ അല്‍ ഐദ്രൂസി പതാക ഉയര്‍ത്തി. സമസ്ത സെക്രട്ടറി ഉമര്‍ മുസ്ലിയാര് കൊയ്യോട്, ജഅ്ഫര്‍ മൗലവി, മുഹമ്മദ് ഹനീഫാ ബാഖവി,എം.ടി. അബൂബക്കര്‍ ദാരിമി,പി.എ. ഷിഹാബുദീന്‍ മുസ്ലിയാര്,ഐ.ബി ഉസ്മാന് ഫൈസി, എ.എം പരീത് , കെ.എ നിസാമുദ്ദീന്‍ ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമാപന സെഷന് സയ്യിദ് അബ്ദുല്ല തങ്ങള്‍ അല്‍ ഐദ്രൂസി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എം.എ അബ്ദുല്‍ റഹ്മാന് അല്‍ഖാസിമി അധ്യക്ഷനായി. കുമ്മനം നിസാമുദീന്‍ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ഇ.എസ്. ഹസന് ഫൈസി, മൂസല്‍ ഫൈസി, ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ്, ഉസ്മാന് സഖാഫി,ഫൈസല്‍ ശംസുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."