ടാങ്കര്‍ അപകടമുണ്ടായാല്‍ എന്തു ചെയ്യും...? ജനങ്ങളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി മോക്ഡ്രില്‍
ഫറോക്ക്: പൊതുജനങ്ങളില്‍ അല്‍പനേരം ഭീതിയും പരിഭ്രാന്തിയും പടര്‍ത്തി ഫറോക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പരിസരത്ത് മോക്ഡ്രില്‍ നടത്തി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റേയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതരുടേയും നേതൃത്വത്തില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചത്.
രാസദുരന്തങ്ങള്‍ വരുമ്പോള്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ ഏത് വിധത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടത് എങ്ങിനെയെന്നും ബോധവല്‍ക്കരിക്കുന്നതിനായിരുന്നു മോക്ഡ്രില്‍.
ഐ.ഒ.സി പ്ലാന്റില്‍നിന്നു പെട്രോള്‍ നിറച്ച് കണ്ണൂര്‍ ഭാഗത്തേക്ക് തിരിച്ച ടാങ്കര്‍ ലോറിയില്‍ പ്ലാന്റിന് മുന്നിലെ ഫറോക്ക് - കടലുണ്ടി റോഡില്‍ വച്ച് മറ്റൊരു ടാങ്കര്‍ ലോറി ഇടിക്കുന്ന വിധത്തിലാണ് അപകടം അവതരിപ്പിച്ചത്.
അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോര്‍ന്ന വിവരം അറിഞ്ഞ ഉടനെതന്നെ ഐ.ഒ.സി യിലെ സുരക്ഷാവിഭാഗം കുതിച്ചെത്തി. തൊട്ടുപിന്നാലെ അഗ്നിശമന സേനാവിഭാഗവും എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പൊലിസ്, ആരോഗ്യ വിഭാഗങ്ങളും ആവശ്യമായ സഹായവുമായി പങ്കാളികളായി.
മോക്ഡ്രില്ലിനു വേണ്ടി ഐ.ഒ.സി കേന്ദ്രീകരിച്ചു വലിയ തോതിലുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിരുന്നത്. പരിശീലനം നടന്ന ഉച്ചക്ക് രണ്ടു മുതല്‍ കടലുണ്ടി റോഡില്‍ ഫറോക്കിലും നല്ലൂരിലും വാഹനങ്ങള്‍ പൊലിസ് തടഞ്ഞുനിര്‍ത്തുകയും തുരുതുരാ വിവിധ വകുപ്പുകളുടെ വഹനങ്ങള്‍ കുതിച്ചു പാഞ്ഞതും ജനങ്ങളില്‍ ആശങ്കയുണ്ടാക്കി.
ഒരു മണിക്കൂര്‍ പിന്നിട്ടു മോക്ഡ്രില്ലാണെന്ന് അറിഞ്ഞതോടെയാണ് ജനത്തിനു ശ്വാസം നേരെ വീണത്. ജില്ലാ കലക്ടര്‍ യു.വി ജോസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ജില്ലാ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍, തഹസില്‍ദാര്‍ കെ. ബാലന്‍, ഐ.ഒ.സി സീനിയര്‍ മാനേജര്‍ സി.പി നായര്‍, അസി.മാനേജര്‍ ജി. ശ്രീനാഥ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."