കോടികളുടെ സ്വത്തിന് ഉടമയായ യുവതിയുടെ തിരോധാനം: പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി
്
ചേര്‍ത്തല: കോടികളുടെ സ്വത്തുക്കളുടെ ഉടമയായ യുവതിയെ കാണാതായ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഈ കേസിലെ പ്രധാനിയെന്ന് സംശയിക്കുന്നയാള്‍ പിടിയിലായതായാണ് സൂചന.
കള്ളപ്രമാണങ്ങള്‍ ഉണ്ടാക്കുന്നതിനും വ്യാജരേഖകള്‍ ചമച്ചുകൊടുക്കുന്നതിനും കൂട്ടുനിന്ന പട്ടണക്കാടുള്ള ഒരു ആധാരം എഴുത്തുകാരനും സംശയത്തിന്റെ നിഴലിലാണ്. ചേര്‍ത്തല ഡി.വൈ എസ്.പി.എ.ജി ലാലിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ കുത്തിയതോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സുധിലാല്‍ ആണ് കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.
സംഭവത്തിനുപിന്നില്‍ വന്‍ മാഫിയസംഘം ഉണ്ടായിരുന്നുവെന്നാണ് സൂചന. കോടികള്‍ കൈക്കലാക്കിയശേഷം ഈ മാഫിയസംഘം യുവതിയെ കൊലപ്പെടുത്താനുള്ള സാധ്യതയും പൊലിസ് തള്ളികളയുന്നില്ല.
ഇറ്റലിയിലുള്ള കടക്കരപ്പള്ളി ആലുങ്കല്‍ ജങ്ഷന് സമീപം പത്മനിവാസില്‍ പി.പ്രവീണ്‍കുമാറാണ് കാണാതായ സഹോദരി ബിന്ദു(44)വിന്റെ തിരോധാനം സംബന്ധിച്ച് ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്. ഇവരുടെ പേരിലുള്ള കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കൈമാറ്റം ചെയ്തിരിക്കുന്നത് വ്യാജരേഖകളുണ്ടാക്കിയാണെന്നാണ് ആക്ഷേപം.
പള്ളിപ്പുറം സ്വദേശിയായ വസ്തു ഇടനിലക്കാരനുമായി ചേര്‍ന്നായിരുന്നു ഇടപാടുകള്‍. ഡ്രൈവറായിരുന്ന ഇയാള്‍ പിന്നീട് വസ്തു ഇടപാടുകാരനായി മാറുകയായിരുന്നു. ബിന്ദുവിന്റെ കൈകളിലെത്തിയ സ്വത്തുക്കളുടെ ഇടപാടുകള്‍ നടത്തിയിരുന്നത് ഇയാള്‍ വഴിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2002-ല്‍ ബിന്ദുവിന്റെ മാതാപിതാക്കള്‍ മരിക്കുന്നതിനു മുന്‍പ് തന്നെ രണ്ടുമക്കള്‍ക്കുമായി സ്വത്തുക്കള്‍ വില്‍പത്രത്തിലൂടെ വീതിച്ചിരുന്നു. ജോലി സംബന്ധമായ ആവശ്യത്തിന് പ്രവീണ്‍ വിദേശത്തേക്ക് പോയപ്പോള്‍ ബിന്ദു എം.ബി.എ പഠനത്തിന് ബംഗളുരുവിലേക്ക് പോകുകയായിരുന്നു.
പിന്നീട് നാട്ടിലെത്തിയ ബിന്ദു ഈ മാഫിയകളുടെ കൈയില്‍ പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. വീട്ടിലെ പത്തുലക്ഷത്തോളം രൂപ വിലയുള്ള വീട്ടിലെ സാധനസാമഗ്രികള്‍ വില്‍ക്കുകയും ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 100 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍, കടക്കരപ്പള്ളിയിലെ സഹകരണ സംഘത്തിലെ സ്ഥിരനിക്ഷേപം, മറ്റ് ബാങ്കുകളില്‍ ഉണ്ടായിരുന്ന തുകയെല്ലാം ബിന്ദു പിന്‍വലിച്ചു.
പിന്നീട് ആലുങ്കലിലുള്ള സ്വന്തം വീടും സ്ഥലവും ഇവിടെ തന്നെയുള്ള 1.66 ഏക്കര്‍ സ്ഥലം, എറണാകുളത്തെ കോടികള്‍ വിലമതിക്കുന്ന സ്ഥലം കൂടാതെ സഹോദരന്‍ പ്രവീണിന്റെ ഭാര്യയുടെ പേരില്‍ ചേര്‍ത്തലയിലുണ്ടായിരുന്ന വീടും സ്ഥലവും മറ്റൊരു 10 സെന്റും വില്‍പന നടത്തുകയായിരുന്നു.
വിദേശത്തായിരുന്ന പ്രവീണ്‍ നാട്ടിലെത്തിയപ്പോഴാണ് ഇതെല്ലാം മനസിലാക്കുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ എറണാകുളത്തെ കോടികള്‍ വിലമതിക്കുന്ന വസ്തു വ്യാജ ആധാരം ചമച്ച് ആള്‍മാറാട്ടം നടത്തി വിറ്റതായും ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസില്‍ തീറാധാരത്തിന് ഹാജരാക്കിയ പവര്‍ ഓഫ് അറ്റോര്‍ണിയും ബിന്ദുവിന്റെ ഡ്രൈവിങ് ലൈസന്‍സും വ്യാജമാണെന്നും പ്രവീണ്‍ കണ്ടെത്തി.
എന്നാല്‍ ബിന്ദുവിനെക്കുറിച്ച് ഒരുവിവരവും ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് പ്രവീണ്‍ ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്. സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയോ വില്‍പന നടത്തിക്കുകയോ ചെയ്തശേഷം ബിന്ദുവിനെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രവീണിന്റെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."