ക്രഷര്‍: പ്രകൃതിയില്‍ പടരുന്ന കാന്‍സര്‍
നിര്‍മാണരംഗത്തു വലിയ വികസനവിപ്ലവം കൊണ്ടുവന്ന സംരംഭമാണു ക്രഷര്‍ യൂനിറ്റുകള്‍. മണലെടുപ്പു നിരോധനം വന്നതോടെ പലയിടങ്ങളിലും എംസാന്‍ഡ് ഉല്‍പ്പാദനം വ്യാവസായികാടിസ്ഥാനത്തില്‍തന്നെ നടപ്പാക്കുന്നു. ക്രഷറുകള്‍ മനുഷ്യപുരോഗതിയില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെങ്കിലും ഇതിന്റെ ദോഷവശങ്ങള്‍ കാണാതിരുന്നു കൂടാ.
ക്രഷറുകളില്‍ നിന്നുണ്ടാകുന്ന ശബ്ദമലിനീകരണം പരിസരവാസികള്‍ക്കു നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. കൊച്ചുകുട്ടികള്‍, വൃദ്ധര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പുറമേ ആളുകളില്‍ സാമൂഹികവും മാനസികവും ആരോഗ്യപരവുമായ നിരവധിപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അംഗവൈകല്യങ്ങളും ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ ജനിക്കുന്നതിനും ഇത്തരം ശബ്ദമലിനീകരണം കാരണമാകുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
ക്രഷറിലെ പൊടി ആസ്ത്മപോലുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്നു. പാറമടകളുമായി അടുത്തിടപഴകുന്നവര്‍ക്ക് സിലിക്കോസിസ് പോലുള്ള രോഗങ്ങളുണ്ടാകുന്നു. പാരിസ്ഥിതികപ്രശ്‌നങ്ങള്‍ നോക്കിയാല്‍ ഭൂമിയുടെ നിലനില്‍പ്പിനുതന്നെ കാരണമായിട്ടുള്ള മലകളും കുന്നുകളും ഇടിച്ചുനിര്‍ത്തുന്നതു പ്രകൃതിസൗന്ദര്യം മാത്രമല്ല നശിപ്പിക്കുന്നത്, ഭമിയെ കൊന്നു കൊലവിളിക്കലുമാണ്. മരങ്ങളും ചെടികളും ജലാശയങ്ങളും നശിപ്പിച്ചു നമ്മള്‍ പറയുന്ന പ്രകൃതി ക്ഷോഭം വിളിച്ചു വരുത്തുന്നു. ക്രഷറുകളില്‍നിന്നുള്ള മാലിന്യങ്ങള്‍ കുളങ്ങള്‍, കിണറുകള്‍, പാടങ്ങള്‍ എന്നിവ മലിനപ്പെടുത്തുന്നതിനു കാരണമാകുന്നു.
ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടെങ്കിലും ക്രഷര്‍ വേണ്ടെന്നുവയ്ക്കാന്‍ കഴിയില്ല. തീര്‍ച്ചയായും വേണം. ജനവാസകേന്ദ്രങ്ങളില്‍നിന്നു മാറി പരിസ്ഥിതിക്കു ദോഷകരമല്ലാത്ത രീതിയില്‍ ക്രഷര്‍ സ്ഥാപിക്കണം. ജലം മലിനമാകുന്നതു തടയാന്‍ സംവിധാനം സ്വീകരിക്കണം. മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പ്ലാന്റുകള്‍ നിര്‍മിക്കണം. അത്യാവശ്യത്തിനു പാറമടകളുണ്ടാക്കുമ്പോള്‍ ഭൂമിയുടെ പച്ചപ്പ് നിലനിര്‍ത്തണം. ശബ്ദ മലിനീകരണം കുറയ്ക്കാന്‍ സൈലന്‍സറുകളുള്ള യന്ത്രങ്ങളുപയോഗിക്കുന്നതും മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതും സഹായിക്കും.
രാഷ്ട്രീയക്കാര്‍ക്ക് നല്‍കുന്ന ഭീമന്‍ പിരിവുകളുടെ ചെറിയ ഒരംശം ചെലവേ ഇതിനൊക്കെ വരികയുള്ളൂ. ഇങ്ങനെയുള്ള ഹരിത പ്രോട്ടോക്കോള്‍ പാലിച്ചു ക്രഷര്‍ തുടങ്ങുകയാണെങ്കില്‍ നമുക്കു സ്വാഗതം ചെയ്യാം, അല്ലാതെ ഒരു സുപ്രഭാതത്തില്‍ ഒരു രാക്ഷസനെപ്പോലെ കടന്നുവന്നു ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതും ജനങ്ങള്‍ക്ക് ആരോഗ്യകരവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമായ പ്രകൃതിയില്‍ പടരുന്ന ക്രഷര്‍ എന്ന കാന്‍സറിനെ നമുക്ക് പ്രതിരോധിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."