ഉത്തരവ് നടപ്പാക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫിസറെ സസ്‌പെന്റ് ചെയ്തു
കൊല്ലം: സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതിന് വീഴ്ച വരുത്തിയ തൃക്കടവൂര്‍ വില്ലേജ് ഓഫിസര്‍ അജന്തകുമാരിയെ സസ്‌പെന്റ് ചെയ്യാന്‍ ലാന്റ് റവന്യൂ കമ്മിഷണര്‍ക്ക് റവന്യൂ മന്ത്രി ഉത്തരവ് നല്‍കി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി രാമചന്ദ്രന്‍ ബിസിനസ് പരാജയപ്പെട്ട് പണം നഷ്ടപ്പെട്ടതിനെതുടര്‍ന്ന് സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള തുക അടയ്ക്കാതെ വന്നപ്പോള്‍ അയാളുടെ 15 സെന്റ് ഭൂമി ബോട്ട് ഇന്‍ലാന്റായി ഏറ്റെടുത്തിരുന്നു. ശേഷം രോഗബാധിതനായി കിടപ്പിലായ രാമചന്ദ്രന്റെ അപേക്ഷ പ്രകാരം അതില്‍ അഞ്ച് സെന്റ് സ്ഥലം വീടുവയ്ക്കാന്‍ നല്‍കുകയും ബാക്കിയുള്ള 10 സെന്റ് ലേലം ചെയ്ത് അതില്‍ നിന്ന് സര്‍ക്കാരിലേയ്ക്ക് കിട്ടാനുള്ള തുക ഈടാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ റവന്യൂവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാനായി രാമചന്ദ്രന്റെ ഭാര്യ നിരവധി തവണ തൃക്കടവൂര്‍ വില്ലേജ് ഓഫിസില്‍ കയറിയിറങ്ങിയെങ്കിലും ഉത്തരവ് നടപ്പാക്കാന്‍ വില്ലേജ് ഓഫിസര്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് റവന്യൂ അധികാരികള്‍ക്ക് അവര്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെക്കുറിച്ചന്വേഷിച്ചപ്പോള്‍ കാര്യങ്ങള്‍ വാസ്തവമാണെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വില്ലേജ് ഓഫിസറെ സസ്‌പെന്റ് ചെയ്യാന്‍ മന്ത്രി ഉത്തരവ് നല്‍കിയത്. ഇക്കാര്യത്തില്‍ വീഴ്ച്ച വരാന്‍ ഇടയാക്കിയ മേല്‍ഉദ്യോഗസ്ഥന്മാരോട് വിശദീകരണം ആവശ്യപ്പെടാനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."