മിഥുനം പിറന്ന് തിരുവാതിര ഞാറ്റുവേലയെത്തി കര്‍ഷക മനം നിറച്ച് പച്ചപ്പട്ടുടുത്ത് നെല്‍പ്പാടങ്ങള്‍
ഒലവക്കോട്: ജില്ലയില്‍ ഇടവപ്പാതി കഴിഞ്ഞ് മിഥുനം പിറന്നിട്ടും മഴക്ക് ആക്കം കുറവാണെങ്കിലും തിരുവാതിര ഞാറ്റുവേല എത്തിയതോടെ പാലക്കാട്ടെ കര്‍ഷകര്‍ നിലമൊരുക്കലില്‍ സജീവമായി.
ചൊവ്വാഴ്ചയാണ് തിരുവാതിര ഞാറ്റുവേല ആരംഭിച്ചത്. ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി സാമാന്യം മഴ ലഭിക്കുന്നുണ്ട്.
ജില്ലയില്‍ ഏറ്റവും അധികം നെല്ലുല്‍പാദിപ്പിക്കുന്ന ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളില്‍ തിരുവാതിര ഞാറ്റുവേലയെത്തിയതോടെ മഴയുടെ അളവ് കൂടിയിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലകളില്‍ മഴ മാറി നിന്നിരുന്ന അവസ്ഥക്കും ചൊവ്വാഴ്ചയോടെ മാറ്റം വന്നെങ്കിലും അവിടെയും കൃഷിയിറക്കുന്ന തിരക്കിലാണ് കര്‍ഷകര്‍.
കാലവര്‍ഷം എത്തിയപ്പോള്‍തന്നെ ജില്ലയിലെ നെല്‍കര്‍ഷകര്‍ ഞാറു നടീലുള്‍പ്പെടെ പൂര്‍ത്തിയാക്കിയിരുന്നു. ജില്ലയുടെ കിഴക്കന്‍ ദേശങ്ങളിലെ പാടശേഖരങ്ങള്‍ ഇപ്പോള്‍തന്നെ പച്ച വിരിച്ച് നില്‍ക്കുകയാണ്. തെങ്ങ്, കവുങ്ങ് കര്‍ഷകരും ഞാറ്റുവേലയെത്തിയതോടെ തടമെടുക്കലും വളമിടലും ആരംഭിച്ചിട്ടുണ്ട്.
പയര്‍ ഉള്‍പ്പെടെയുള്ള ചെറുവിളകള്‍ നടുന്നതും ഈ കാലത്താണെങ്കിലും കര്‍ഷകര്‍ക്ക് ഉള്ളു തുറന്ന് സന്തോഷിക്കാനുള്ള വക മഴ നല്‍കുന്നില്ല.
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് മൊത്തം ലഭിച്ച മഴയുടെ അളവിലും കുറവുണ്ടായിട്ടുണ്ട്. ഇടവിട്ട് ഇടവിട്ടാണ് കാലവര്‍ഷത്തില്‍ മഴ ലഭിക്കേണ്ടതെന്നിരിക്കെ ഇത്തവണ കാലവര്‍ഷം പതിവ് തെറ്റിച്ചിരിക്കുകയാണ്. മഴ പെയ്യുമ്പോള്‍ ശക്തമായി പെയ്യുകയും വെള്ളം മുഴുവന്‍ കുത്തിയൊലിച്ച് പോവുന്ന സ്ഥിതിയുമാണ്.
ഇത് വിളനാശത്തിന് കാരണമാകുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.
തിരുവാതിര ഞാറ്റുവേല ആരംഭിച്ചതോടെ കൃഷിക്ക് അനുയോജ്യമായി മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍തന്നെയാണ് ജില്ലയിലെ കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."