യുവതിയെ ആസിഡൊഴിച്ച് കൊന്ന കേസ്: പ്രതിയായ സ്ത്രീക്ക് ജീവപര്യന്തവും പിഴയും
കോട്ടയം: ലൈംഗിക തൊഴിലാളിയായ യുവതിയെ നഗരമധ്യത്തില്‍ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സ്ത്രീക്ക് ജീവപര്യന്തം തടവും 65,000 രൂപ പിഴയും. തിരുവനന്തപുരം സ്വദേശിയും നഗരത്തിലെ ലൈംഗിക തൊഴിലാളിയുമായിരുന്ന രാധയെ(59)യാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്.സുരേഷ് കുമാര്‍ ശിക്ഷിച്ചത്.
കൊലപാതകത്തിനു ജീവപര്യന്തം തടവും 15,000 രൂപ പിഴയും, ആസിഡ് ആക്രമണത്തിനു പത്തു വര്‍ഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വകുപ്പിലുമായി ഒന്‍പത് മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.
2014 ജനുവരി 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗിക തൊഴിലാളിയായ പത്തനംതിട്ട ളാഹ സ്വദേശി ശാലിനി(38)യെ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നു രാധ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നഗരമധ്യത്തില്‍ സ്റ്റാര്‍ ജങ്ഷനിലെ കുറ്റിക്കാട്ടില്‍ മറ്റൊരാളോടൊപ്പമായിരുന്ന ശാലിനിയുടെ മുഖത്തേയ്ക്ക് ഇരുട്ടിന്റെ മറവിലെത്തിയ രാധ ആസിഡ് ഒഴിച്ചു.
ആസിഡ് ഉള്ളില്‍ പോയതിനെ തുടര്‍ന്നു ശാലിനിയുടെ ആന്തരിക അവയവങ്ങള്‍ക്കു പൊള്ളലേറ്റിരുന്നു. മുഖത്തും ആന്തരിക അവയവങ്ങളിലും ഏറ്റ പൊള്ളലാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. സംഭവ ദിവസം ശാലിനിയ്‌ക്കൊപ്പമുണ്ടായിരുന്നയാള്‍ക്കും പൊള്ളലേറ്റിരുന്നു.
ദൃക്‌സാക്ഷികളോ, കൃത്യമായ തെളിവുകളോ ഇല്ലാതിരുന്ന സംഭവത്തില്‍ ശാലിനിക്കൊപ്പമുണ്ടായിരുന്നയാളുടെ മൊഴിയാണ് നിര്‍ണായകമായത്. ശാലിനിക്കു നേരെ ആസിഡ് ഒഴിച്ചത് ഒരു സ്ത്രീയാണെന്ന സൂചന ആദ്യം നല്‍കിയത് ഇയാളായിരുന്നു. തുടര്‍ന്നു ലൈംഗിക തൊഴിലാളികളെ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം നടത്തി. ജില്ലാ പൊലിസ് മേധാവിയായിരുന്ന എം.പി ദിനേശ്, ഡിവൈ.എസ്.പി വി.അജിത്, വെസ്റ്റ് സി.ഐ ആയിരുന്ന എ.ജെ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവത്തിന് ശേഷം തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ട രാധയെ, പ്രതിയെ തിരിച്ചറിയാനെന്ന വ്യാജേനെ തന്ത്രപൂര്‍വം വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ലൈംഗിക തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ശാലിനിക്കൊപ്പമുണ്ടായിരുന്ന ആളിന്റെയും, രാധ ആസിഡ് വാങ്ങിയ കടയുടമയുടെയും മൊഴികളാണ് പ്രധാനമായും പരിഗണിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഗിരിജ ബിജു ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."