പണി പൂര്‍ത്തിയായി കെട്ടിടം മാറാനാവാതെ തലപ്പുഴ പൊലിസ് സ്‌റ്റേഷന്‍; പ്രതിഷേധം ശക്തമാവുന്നു
തലപ്പുഴ: പണി പൂര്‍ത്തീകരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും തലപ്പുഴ പൊലിസ് സ്‌റ്റേഷന്‍ കെട്ടിടം തുറന്നു കൊടുക്കാത്തതില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമാവുന്നു. പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മൂടിയ അപകട ഭീഷണിയിലുള്ള താല്‍ക്കാലിക കെട്ടിടത്തില്‍ നിന്നും സ്‌റ്റേഷന്‍ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമുയരുന്നത്. ഇന്നലെ മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാല്‍കാച്ചി പ്രതിഷേധാത്മക ഉദ്ഘാടനം നടത്തി. മുഖ്യമന്ത്രിയെയും കാത്ത് ഉദ്ഘാടനം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നാടമുറിച്ചും ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ച കെട്ടിടം ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി ആറു മാസമായപ്പോഴേക്കും ഉദ്ഘാടനത്തിന് തയാറായിക്കഴിഞ്ഞിരുന്നു. കഴിഞ്ഞ ജനുവരി എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മാവോയിസ്റ്റ് ഭീഷിണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം അവസാന നിമിഷം ഉദ്ഘാടനം മാറ്റിവയ്ക്കുകയായിരുന്നു. നിലവില്‍ അപകടാവസ്ഥയിലുള്ള കെട്ടിടത്തിലാണ് പൊലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. പൊലിസുകാര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് വിവിധ സംഘടനകള്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എക്കണ്ടി മൊയ്തുട്ടി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. അസീസ് വാളാട് അധ്യക്ഷനായി. എം.ജി ബിജു, ധനേഷ് വാര്യര്‍, റഷീദ് തൃശ്ശിലേരി, ടി.എ റെജി, അഷ്‌കര്‍ മാനന്തവാടി, ശ്യംരാജ്, സിറാജ് കമ്പ, ഷംസു കെല്ലുര്‍, വിനീഷ് ഏച്ചോം, അനീഷ്, ജോണി, ചന്ദ്രന്‍, സലിം പിലാക്കാവ്, ഷാഫി, സുഷോബ്, ഷംസീര്‍ അരണപ്പാറ സംസാരിച്ചു. യുവമോര്‍ച്ചയുടെ പ്രതിഷേധം ജില്ലാസെക്രട്ടറി ജിതിന്‍ ഭാനു പ്രതീകാത്മക ഉദ്ഘാടനം നിര്‍വഹിച്ചു. ശശീന്ദ്രന്‍, രാകേഷ് അകനേ, പി.എസ് അര്‍ജുന്‍, സുനീഷ്, എം.എസ് ഹരീഷ് കുമാര്‍, വിജയകുമാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."