ചക്കിട്ടപാറ പഞ്ചായത്തിന്റെ വിവരശേഖരണത്തിനെതിരേ പരാതി
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്ത് നടപ്പാക്കുന്ന പൊതുവിവര ശേഖരണ പരിപാടിക്കെതിരേ പരാതി. 54 ചോദ്യങ്ങള്‍ക്കു ഉത്തരം രേഖാപരമായി നല്‍കണമെന്ന നിര്‍ദേശവുമായാണ് പഞ്ചായത്ത് പൊതുവിവര ശേഖരണ പരിപാടി നടത്തുന്നത്. പരിപാടി വ്യക്തികളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി ആരോപിച്ചു. വ്യക്തിഗത വിവരങ്ങള്‍ എന്ന പേരില്‍ മതം, അതിന്റെ വിഭാഗം, രാഷ്ട്രീയം, സമുദായ സംഘടനകള്‍, പള്ളി, അമ്പലം കമ്മിറ്റി, കടബാധ്യത, വായ്പ എന്താവശ്യത്തിനെടുത്തു എന്നീ കാര്യങ്ങള്‍ ചോദിക്കുന്നുണ്ട്. പഞ്ചായത്ത് ഭരണ സമിതിയും സെക്രട്ടറിയും അറിയാതെയാണ് ഈ തീരുമാനമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ചൂണ്ടിക്കാട്ടി.
അതേ സമയം നവകേരള സൃഷ്ടിക്കായി ചക്കിട്ടപാറ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിവരശേഖരണ പരിപാടിയെന്നു പഞ്ചായത്തു പ്രസിഡന്റ് ഷീജ പറഞ്ഞു. ഈ വര്‍ഷം ജനുവരി 23 നു ചേര്‍ന്ന ഭരണ സമിതി യോഗത്തിലെ 5 ല്‍ ഒന്നാം നമ്പര്‍ തീരുമാനപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നതെന്നും പ്രസിഡന്റ് അറിയിച്ചു.
ആരോപണം ഉന്നയിക്കുന്ന സംഘടനയില്‍ പെട്ടവരുടെ അംഗങ്ങളും ഭരണസമിതിയിലുണ്ട്. എല്ലാവരും അറിഞ്ഞു കൊണ്ടാണ് തീരുമാനമെടുത്തത്. സംസ്ഥാന സര്‍ക്കാറിന്റെ പരിപാടിയല്ലിതെന്നും ചക്കിട്ടപാറ പഞ്ചായത്ത് സ്വന്തമായി നടത്തുന്ന പദ്ധതിയാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
അതേസമയം പദ്ധതി നടത്തിപ്പിനെക്കുറിച്ചറിയില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞത്. പരിപാടിക്കെതിരേ ജനങ്ങളുടെ പ്രതികരണമുണ്ടാകണമെന്ന് കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു. പി.വാസു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രകാശ് മുള്ളന്‍കുഴി അധ്യക്ഷനായി.
കെ.എ ജോസ് കുട്ടി, ജോര്‍ജ് മുക്കള്ളില്‍, ബാബു കൂനംതടം, രാജേഷ് തറവട്ടത്ത്, പി.ആര്‍ പ്രസന്നന്‍, എം.ശിവദാസന്‍, പ്രിന്‍സ് ആന്റണി, എം.അശോകന്‍, റെജി കോച്ചേരി, അനില്‍ കേളംപൊയ്യില്‍, സന്തോഷ് എടക്കാട്ടില്‍, സജി പുളിക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."