പാര്‍ക്കിലെ ചക്രങ്ങളില്‍ കുടുങ്ങി കുട്ടികളുടെ കൈവിരലുകള്‍ അറ്റു
പറവൂര്‍: നഗരസഭയുടെ പുല്ലംകുളം അംബേദ്ക്കര്‍ പാര്‍ക്കിലെ സയന്‍സ് എക്‌സിബിഷന്‍ വിഭാഗത്തിലെ ചക്രങ്ങളില്‍ കുടുങ്ങി രണ്ട് കുട്ടികളുടെ കൈവിരലുകള്‍ അറ്റു. പാര്‍ക്കില്‍ ഉല്ലാസത്തിനായി എത്തിയ ചേന്ദമംഗലം കോട്ടയില്‍ കോവിലകം പുതിയേടത്ത് ശങ്കറിന്റെ മകന്‍ ശ്രീനന്ദു (6), കുഞ്ഞിത്തൈ ചെട്ടിവളപ്പില്‍ അമലിന്റെ മകന്‍ സാവിയോ (6) എന്നവരുടെ കൈവിരലുകളാണ് മുറിഞ്ഞത്. ഇരുവരേയും എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീനന്ദുവിന്റെ വലതുകൈയുടെ ചൂണ്ടുവിരലാണ് അറ്റുപോയത്. മുറിഞ്ഞുപോയ ഭാഗം കൂട്ടി ചേര്‍ക്കാനുള്ള ഓപ്പറേഷന് അമ്പതിനായിരം രൂപയാണ് ചികിത്സാ ചിലവ് പ്രതീക്ഷിക്കുന്നത്. സാവിയോക്ക് വലത് കൈയുടെ മോതിരവിരലിനും ചെറുവിരലിനുമാണ് പരുക്ക്. മുപ്പതിനായിരം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പെയിന്റിങ് തൊഴിലാളിയായ ശങ്കറും ഓട്ടോ ഡ്രൈവറായ അമലും ഇത്രയും തുക പെട്ടെന്ന് കണ്ടെത്താനുള്ള ബുദ്ധിമുട്ടിലാണ്. സംഭവം വി.ഡി സതീശന്‍ എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ഇവര്‍ നഗരസഭയിലും പരാതി നല്‍കാനൊരുങ്ങുകയാണ്. പാര്‍ക്കിലെ പല ഉപകരണങ്ങളും തുരുമ്പു കയറി അപകടസ്ഥിതിയിലായിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ച് വരുന്നത്.
അതേസമയം സയന്‍സ് എക്‌സിബിഷന്‍ വിഭാഗത്തിലെ ഉപകരണങ്ങളില്‍പ്പെട്ട് രണ്ട് കുട്ടികളുടെ കൈവിരലുകള്‍ അറ്റ സംഭവത്തില്‍ നഗരസഭ ഉത്തരവാദിയല്ലെന്ന് ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ്. പാര്‍ക്കിലെ സയന്‍സ് എക്‌സിബിഷന്‍ പാര്‍ക്കിലേക്ക് 12 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുള്ളതാണ്. ഈ വിവരം കാണിച്ച് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് പാര്‍ക്കിലെ ജീവനക്കാരുമായി വഴക്കുണ്ടാക്കിയുമാണ് രക്ഷിതാക്കള്‍ ചെറിയ കുട്ടികളുമായി കയറുന്നത്. ഇത്തരത്തില്‍ കയറിയവര്‍ക്കാണ് അപകടമുണ്ടായിട്ടുള്ളത്. പാര്‍ക്കിലെ ജലാശയ ഭാഗത്തേക്ക് പോകുന്നതിനും ചെറിയ കുട്ടികള്‍ക്ക് വിലക്കുണ്ട്. ഇതെല്ലാം രക്ഷിതാക്കള്‍ അവഗണിക്കുകയാണ്. പാര്‍ക്കിലെ അപകടങ്ങളുടെ പേരില്‍ ചികിത്സാ സഹായം നല്‍കാന്‍ നഗരസഭയക്ക് ചട്ടമില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."