ആത്മസമരമാണ് വിജയത്തിനുള്ള മാര്‍ഗം
ആത്മസമരത്തിന് അവസരമൊരുക്കുന്ന മാസമാണ് വിശുദ്ധ റമദാന്‍. സ്വശരീരത്തെ നിയന്ത്രിക്കലും ദേഹേച്ഛകളെ പ്രതിരോധിക്കലുമാണ് ഏറ്റവും വലിയ പോരാട്ടമെന്ന് തിരുനബി(സ) വ്യക്തമാക്കിയിട്ടുണ്ട്.തബൂക്ക് യുദ്ധം കഴിഞ്ഞ് മടങ്ങുന്ന സമയത്ത് പ്രവാചക തിരുമേനി അനുയായികളോട് പറഞ്ഞു ''ചെറിയ യുദ്ധത്തില്‍ നിന്ന് നാം വലിയൊരു യുദ്ധത്തിലേക്കാണ് മടങ്ങിയിരിക്കുന്നത്''. പ്രവാചകന്റെ വാക്കില്‍ അത്ഭുതം തോന്നിയ അനുചരര്‍ വലിയ യുദ്ധം ഏതാണെന്ന് ആരാഞ്ഞപ്പോള്‍ ഒരു അടിമ സ്വന്തം ദേഹേച്ഛകളോട് ചെയ്യുന്ന ധര്‍മസമരമാണെന്നായിരുന്നു തിരുനബി (സ) മറുപടി പറഞ്ഞത്.
മനുഷ്യന്‍ തെറ്റുകളില്‍ നിന്ന് മുക്തനായി സല്‍പാന്ഥാവിലേക്ക് കാലുകുത്താനൊരുങ്ങുമ്പോള്‍ അവന്റെ മുന്നില്‍ ഏറ്റവും വലിയ വിഘ്‌നമായി നില്‍ക്കുന്നത് അവന്റെ ദേഹേച്ഛകളാണെന്ന് ഇമാം ഗസാലി (റ) വിശദീകരിക്കുന്നുണ്ട്. മനുഷ്യരെ നന്മകളില്‍ നിന്ന് തടയുന്ന വസ്തുക്കളെയൊക്കെ ഒരു പരിധിവരെ തടയാന്‍ സാധിക്കുമെങ്കിലും എപ്പോഴും കൂടെസഞ്ചരിക്കുന്ന ദേഹേച്ഛകളെ ശരീരത്തില്‍ നിന്നു അകറ്റിനിര്‍ത്തുന്നതില്‍ മനുഷ്യര്‍ അശക്തരാണ്. ''നിശ്ചയമായും ശരീരം തെറ്റുചെയ്യാന്‍ മനുഷ്യനെ നിരന്തരം പ്രേരിപ്പിക്കുന്നതാണ് '' (യൂസുഫ് 53) എന്ന ആയത്തിലൂടെ അല്ലാഹു ഈ സത്യം നമുക്ക് മുന്നില്‍ അടിവരയിട്ട് പറയുന്നുണ്ട്.
അല്ലാഹുവിന് ആരാധനകള്‍ ചെയ്യുക എന്നതാണ് മനുഷ്യനെ സൃഷ്ടിച്ചതിന്റെ പരമപ്രധാന ലക്ഷ്യം. എന്നാല്‍ ആരാധനക്കൊരുങ്ങുന്ന മനുഷ്യന്റെ മുന്നില്‍ പ്രതിബന്ധങ്ങളും പ്രയാസങ്ങളും സൃഷ്ടിക്കുന്നതില്‍ ഏറെ മുന്നിലാണ് അവന്റെ ശരീരം. മനുഷ്യശരീരത്തെ വിവിധ രൂപത്തിലാണ് വിശുദ്ധ ഖുര്‍ആനില്‍ വിശേഷിപ്പിക്കുന്നത്.
അപ്പോള്‍ (ധിക്കാരത്തില്‍) അതിരുവിടുകയും,ഐഹിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്തവന്‍ ആരോ,നരകം തന്നെയാണ് (അവന്റെ) സങ്കേതം, തീര്‍ച്ച. തന്റെ റബ്ബിന്റെ സ്ഥാനം ഭയപ്പെടുകയും മനസിനെ ദേഹേച്ഛയില്‍ നിന്ന് തടയുകയും ചെയ്തവനാരോ, നിശ്ചയമായും സ്വര്‍ഗം തന്നെയാണ് (അവന്റെ) സങ്കേതം.(നാസിആത് 37-41)
ആത്മാവിനെയും ശരീരത്തെയും അശ്ലീലതകളില്‍ നിന്നും അരുതായ്മകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ വ്രതം വിശ്വാസിക്ക് അവസരമൊരുക്കുന്നുണ്ട്. തെറ്റുകളുടെ ലോകത്തേക്ക് മനുഷ്യനെ തള്ളിയിടുന്ന ദേഹേച്ഛകളുടെ ചങ്ങലക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ് സ്രഷ്ടാവിന്റെ സന്നിധിയിലേക്ക് നടന്നടുക്കാനുള്ള അവസരമാകട്ടെ വിശുദ്ധ റമദാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."