ഇത് 'പകര്‍ച്ചവ്യാധി കേന്ദ്രങ്ങള്‍'
ബോവിക്കാനം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനിയടക്കമുള്ള രോഗങ്ങള്‍ പടരുമ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ പകര്‍ച്ചവ്യാധി കേന്ദ്രങ്ങളായി മാറുന്നു. മുളിയാര്‍ പഞ്ചായത്തിലെ ബാവിക്കര നുസ്‌റത്ത് നഗറിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളാണ് വൃത്തിഹീനമായ നിലയിലുള്ളത്. ഇവിടെ പലയിടങ്ങളിലായി മാലിന്യവും മദ്യക്കുപ്പികളും കൂട്ടിയിട്ടും ശുചിമുറികളില്‍ നിന്നുള്ള മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയുമാണുള്ളത്. ഇത് പരിസര പ്രദേശങ്ങളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
അതേസമയം ജില്ലയില്‍ പകര്‍ച്ചാവ്യാധികള്‍ പടരുമ്പോഴും ഇത്തരം 'പകര്‍ച്ചാവ്യാധി കേന്ദ്രങ്ങള്‍' ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. തൊഴിലാളികള്‍ക്കിടയില്‍ കൃത്യമായ ആരോഗ്യ പരിശോധന നടത്താത്തതും താമസസ്ഥലങ്ങളില്‍ കാര്യമായ പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തയാറാകാത്തതുമാണ് ഇത്തരം 'പകര്‍ച്ചാവ്യാധി കേന്ദ്രങ്ങള്‍'ക്ക് സഹായകമാകുന്നത്. അറുപതോളം ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്ന നിയമവും പാലിക്കപ്പെടാറില്ല. ആരോഗ്യ വിഭാഗവും ഇക്കാര്യത്തില്‍ തികഞ്ഞ നിസംഗതയാണ് കാട്ടുന്നത്.
നൂറുകണക്കിന് തൊഴിലാളികളാണ് ദിവസേന ഇവിടങ്ങളില്‍ എത്തുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പകര്‍ച്ച വ്യാധികളുമായി എത്തുന്നവരും ഇവരിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു ആരോഗ്യ പരിശോധകളും നടത്താന്‍ ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല.
അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത സ്ഥലങ്ങളില്‍ ക്യാംപുകളില്‍ പാര്‍ക്കുന്ന തൊഴിലാളികളാണ് ഏറെ ഭീഷണി നേരിടുന്നത്. മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഇല്ലാത്തവയാണ് ക്യാംപുകളില്‍ ഏറെയും. വൃത്തിഹീനമായ ഇത്തരം വാസസ്ഥലങ്ങള്‍ക്ക് സമീപം താമസിക്കുന്ന പരിസരവാസികള്‍ക്കും ഇവിടെ നിന്നും പകര്‍ച്ചവ്യാധി രോഗങ്ങള്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."