ആറ്റിങ്ങല്‍ മണ്ഡലത്തിലെ അഞ്ചു റോഡുകള്‍ക്ക് 12.25 കോടിയുടെ ഭരണാനുമതി
കിളിമാനൂര്‍: ആറ്റിങ്ങല്‍ മണ്ഡലത്തിലെ അഞ്ചു റോഡുകള്‍ കൂടി ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നു. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ അവനവഞ്ചേരി-ബാവ ഹോസ്പിറ്റല്‍ റോഡിന് 1.52 കോടി, ചെറിന്നിയൂര്‍ വക്കം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പണയില്‍കടവ് അപ്രോച്ച് റോഡിന് 2. 18 കോടി, പഴയകുന്നുമ്മേല്‍ കിളിമാനൂര്‍ പഞ്ചായത്തുകളിലെ പ്രധാന പാതയായ പുതിയകാവ്- തകരപ്പറമ്പ് റോഡ് 5.24 കോടി, പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ പൊലിസ് സ്റ്റേഷന്‍ തൊളിക്കുഴി റോഡിന് 2.50 കോടി, ആലംകോട് കിളിമാനൂര്‍ സംസ്ഥാനപാതയുടെ നവീകരണത്തിന് 81 ലക്ഷം എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചതെന്ന് ബി സത്യന്‍ എം.എല്‍.എ അറിയിച്ചു.
പൊതുമരാമത്ത് നിരത്തുകളും പാലങ്ങളും വിഭാഗം ചീഫ് എന്‍ജിനീയര്‍ നല്‍കിയ എസ്റ്റിമേറ്റുകളും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ സൂക്ഷ്മ പരിശോധന നടത്തിയതിനുശേഷമാണ് സര്‍ക്കാര്‍ ഭരണാനുമതിയും പ്രത്യേകാനുമതിയും ലഭ്യമാക്കിയത്. പ്രവര്‍ത്തികള്‍ക്കെല്ലാം അടിന്തരമായി സാങ്കേതികാനുമതി നല്‍കി ടെണ്ടര്‍ നടപടികള്‍ക്ക് ശേഷം കാലവര്‍ഷമെത്തുന്നതിന് തൊട്ടുമുമ്പ് മെയ് മാസത്തില്‍ പണിപൂര്‍ത്തിയാക്കും. ഈ റോഡുകളുടെ സംരക്ഷണത്തിനായി ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളാണ് പൊതുമരാമത്ത് വകുപ്പ് ഉപയോഗിക്കുന്നത്. ആലംകോട് കിളിമാനൂര്‍ റോഡ് തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കണമെന്നതും, പുതിയകാവ് മടവൂര്‍ റോഡില്‍ തകരപ്പറമ്പ് വരെയുള്ള ഭാഗം ആധുനിക രീതിയില്‍ നവീകരിക്കണമെന്നതും നാട്ടുകാരുടെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."