കോലഞ്ചേരിയിലെ സിന്തൈറ്റ് സമരം ഒത്തുതീര്‍പ്പായി
തിരുവനന്തപുരം: സുഗന്ധവ്യജ്ഞന കമ്പനിയായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ കോലഞ്ചേരി കടയിരുപ്പ് പ്ലാന്റില്‍ കഴിഞ്ഞ 37 ദിവസമായി നടന്നുവന്ന തൊഴിലാളി സത്യഗ്രഹ സമരം ഒത്തുതീര്‍ന്നു. ലേബര്‍ കമ്മിഷണര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ലേബര്‍ കമ്മിഷണറേറ്റില്‍ വിളിച്ചുചേര്‍ത്ത മാനേജ്‌മെന്റ് പ്രതിനിധികളുടെയും സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) പ്രതിനിധികളുടെയും യോഗത്തിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.
കേരളത്തിന് പുറത്തേക്കു സ്ഥലം മാറ്റിയ ഏഴു തൊഴിലാളികളില്‍ രണ്ടുപേരെ നിലവിലെ ജീവിതസാഹചര്യങ്ങള്‍ പരിഗണിച്ച് സ്ഥലം മാറ്റപ്പെട്ട സ്ഥലത്ത് ജോലിയില്‍ പ്രവേശിച്ച് ഒരുമാസത്തിനകം തിരികെ മാതൃയൂനിറ്റില്‍ പ്രവേശിപ്പിക്കുന്നതിനും രോഗബാധിതനായ മറ്റൊരു തൊഴിലാളിയെ രോഗം ഭേദമാകുന്ന മുറക്കു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോടെ സ്ഥലം മാറ്റപ്പെട്ട സ്ഥലത്ത് ജോലിക്ക് ഹാജരായാല്‍ മതിയെന്നും ഇരുകക്ഷികളും ധാരണയായി. അതുവരെ ബന്ധപ്പെട്ട തൊഴിലാളിക്കെതിരേ ശിക്ഷാ നടപടികള്‍ സ്വീകരിക്കില്ല. ജോലിക്ക് ഹാജരാകാന്‍ എടുക്കുന്ന സമയം അര്‍ഹതപ്പെട്ട ലീവുകളായി പരിഗണിക്കാമെന്നും മാനേജ്‌മെന്റ് ഉറപ്പുനല്‍കി. എറണാകുളം റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ കെ. ശ്രീലാല്‍, അജു ജേക്കബ്, ജോണ്‍ ജോഷി, വിന്‍സെന്റ് അലക്‌സ്, വിനീത് പി. മാത്യു, അഡ്വ. കെ.എസ് അരുണ്‍കുമാര്‍, എം.കെ മനോജ്, നിതീഷ് ബേബി, ജിബിന്‍ ജോയ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."