കാസര്‍കോട്ടെ ഭെല്‍ ഇ.എം.എല്‍ സര്‍ക്കാര്‍ ഏറ്റെടുക്കും
കാസര്‍കോട്: ബദ്രടുക്കയിലെ ഭെല്‍ ഇ.എം.എല്‍ കമ്പനി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഭെല്ലിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ സ്ഥാപനം സംരക്ഷിക്കാന്‍ തീരുമാനമായത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ ഏറ്റെടുക്കല്‍ നടപടി അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ഭെല്ലുമായി ചര്‍ച്ച നടത്തുന്നതിനു ചുമതലപ്പെടുത്തി.
കമ്പനിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ പ്രതിനിധിയിയെ ബോര്‍ഡ് അംഗമാക്കും. ദൈനംദിന പ്രവര്‍ത്തനം കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനു വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ പ്രത്യേക ചുമതല നല്‍കി നിയമിക്കും. റെയില്‍വേയുടെ ഓര്‍ഡറുകള്‍ ഉറപ്പാക്കുന്നതിനും പുതിയ പദ്ധതികള്‍ ലഭ്യമാക്കാനും വ്യവസായ മന്ത്രി കേന്ദ്ര റെയില്‍വേ, വ്യവസായ മന്ത്രിമാരുമായി നേരിട്ട് ചര്‍ച്ച നടത്തും.
ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്ന സമയത്ത് കമ്പനി പ്രവര്‍ത്തനം ഏതു രൂപത്തിലാകണമെന്നതും ഉല്‍പാദനം സംബന്ധിച്ചും വിദഗ്ധരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ ആര്‍.ഐ.എബിയോട് നിര്‍ദേശിച്ചു. സ്ഥാപനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യൂനിയനുകളോട് അഭിപ്രായം സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ ശമ്പള വ്യവസ്ഥ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി ഉറപ്പുനല്‍കി. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മുന്‍കാല പ്രാബല്യത്തില്‍ ശമ്പള കരാര്‍ നടപ്പാക്കും. 24ന് മന്ത്രി കമ്പനി സന്ദര്‍ശിക്കും.
2011 മാര്‍ച്ച് 28നാണ് ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് (ബി.എച്ച്.ഇ.എല്‍) മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് ലിമിറ്റഡിനെ (കെല്‍) ഏറ്റെടുത്ത് ഉപ കമ്പനിയാക്കിയത്. സ്ഥാപനത്തിന്റെ 51 ശതമാനം ഓഹരി ഭെല്ലിനും 49 ശതമാനം സര്‍ക്കാരിനുമാണ്. സ്ഥാപനം വന്‍ വളര്‍ച്ചയാണ് ലക്ഷ്യമിട്ടത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ സി കാറ്റഗറിയിലുള്ള ഭെല്ലിന്റെ സഹായത്തില്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് കുതിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഭെല്‍ ഏറ്റെടുത്തതോടെ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെല്‍ തകരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."