മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും പൊലിസ് അഴിഞ്ഞാട്ടം: പാച്ചേനി
കണ്ണൂര്‍: എടക്കാട് പൊലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഭീകരമായി മര്‍ദിച്ചതിന്റെ ഫലമായി മരിച്ച ഉനൈസിന് നീതി ലഭിക്കണമെന്നും മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും പൊലിസ് അഴിഞ്ഞാടുകയാണെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. ഉനൈസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നാളെ രാവിലെ 10ന് എടക്കാട് പൊലിസ് സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. ഉനൈസിന്റെ കുടുംബത്തിനു നീതി ലഭ്യമാക്കണം. പൊലിസ് മര്‍ദനമേറ്റ് മരണപ്പെട്ടതിനാല്‍ സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശുഹൈബ് വധത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് ഗൂഢാലോചനയുടെ ഭാഗമായാണ്. സി.പി.എമ്മിന്റെ രാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ച് കാര്യങ്ങളെ വളച്ചൊടിച്ച് സി.പി.എമ്മിന് ദാസ്യവേല ചെയ്യുന്ന തരത്തിലേക്ക് ജില്ലയിലെ പൊലിസ് സംവിധാനം അധപതിച്ചു. ഫസല്‍ വധം സി.പി.എമ്മിന്റെ ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് വ്യക്തമായിരിക്കുകയാണെന്നും അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഇടപെടലിലെ ദുരൂഹത വെളിച്ചത്തു കൊണ്ടുവരണമെന്നും ഡിവൈ.എസ്.പി രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഗൗരവത്തോടെ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഡി.ജി.പി തയാറാവണമെന്നും പാച്ചേനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."